കണ്ണൂര്‍: സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയുടെ സീലിംഗ് അടര്‍ന്നുവീണു. കണ്ണൂര്‍ കടമ്പൂര് സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറിയിലാണ് സംഭവം. സംഭവത്തില്‍ ഫാര്‍മസിസ്റ്റ് കല്ലുവഴി പുത്തന്‍വീട്ടില്‍ ശ്യാമസുന്ദരിക്ക് പരിക്കേറ്റു.
കടമ്പൂര് വേട്ടേക്കര റോഡില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറി കെട്ടിടത്തിലെ കോണ്‍ക്രീറ്റ് സീലിംഗാണ് അടര്‍ന്നുവീണത്. ശ്യാമസുന്ദരി കംപ്യൂട്ടറില്‍ ഒ.പി. ടിക്കറ്റ് രേഖപ്പെടുത്തിക്കൊണ്ടിരിക്കെയാണ് സീലിംഗ് തലയിലേക്ക് വീണത്. തലയില്‍ ആഴത്തില്‍ മുറിവേറ്റ ഇവരെ അമ്പലപ്പാറ സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പിന്നീട് ഒറ്റപ്പാലം താലൂക്കാശുപത്രിയിലേക്ക് മാറ്റി.
1997-ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഡിസ്പെന്‍സറി. ഇവിടെ അഞ്ച് മുറികളാണുള്ളത്. കഴിഞ്ഞ വര്‍ഷം ഡോക്ടറുടെ മുറിയിലെ സീലിംഗും അടര്‍ന്നുവീണിരുന്നു. ഡിസ്പെന്‍സറിയിലെ മുറികളില്‍ ഭൂരിഭാഗവും അടര്‍ന്നുവീഴാറായ നിലയിലാണ്. ജനലുകളുടെ മുകള്‍ ഭാഗവും വിണ്ടുകീറിയിട്ടുണ്ട്. അതീവ ശോചനീയാവസ്ഥയിലാണ് ഡിസ്പെന്സറിയെന്ന് നാട്ടുകാര്‍ പറയുന്നു. ഡിസ്പെന്‍സറി നവീകരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും ജനങ്ങള്‍ പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ മേല്‍ക്കൂര അടര്‍ന്ന് വീണ് യുവതിയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് സംഭവം.