കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കിഫ്ബി ബോര്‍ഡ് 204 കോടി രൂപ അനുവദിച്ചു. നിര്‍മാണത്തിനും അനുബന്ധ ആവശ്യങ്ങള്‍ക്കും 2016 ല്‍ 230 കോടി രൂപ അനുവദിച്ചതുള്‍പ്പെടെ 431 കോടിയുടെ കിഫ്ബി സഹായമാണ് ഇതോടെ കാന്‍സര്‍ സെന്ററിന് ലഭിക്കുന്നത്.
ആറുമാസ ഇടവേളകളില്‍ 78.5 കോടി, 66.4 കോടി, 59.1 കോടി എന്നിങ്ങനെ മൂന്ന് തവണകളായാണ് തുക അനുവദിക്കുക. മൂന്ന് റേഡിയേഷന് തെറാപ്പി മെഷീനുകള്‍, എം.ആര്.ഐ, സി.ടി, പെറ്റ് സി.ടി. സ്കാനിംഗ് മെഷീനുകള്‍, സി.ടി സിമുലേറ്റര്‍, ബ്രക്കി തെറാപ്പി, വെന്റിലേറ്ററുകള്‍, ശീതീകരിച്ച ഫാര്‍മസി മുറി, ഐ.സി.യു. ഉപകരണങ്ങള്‍, മോണിറ്റര്‍, തുടങ്ങിയ ഉപകരണങ്ങളാണ് വാങ്ങുന്നത്.
രോഗ നിര്‍ണയം, ചികിത്സ എന്നീ ആവശ്യങ്ങള്‍ക്കുള്ള നൂതന ഉപകരണങ്ങള്‍ വാങ്ങുന്നതിനു 2016 ല്‍ 143 കോടി രൂപയാണ് വകയിരുത്തിയത്. ഉപകരണ വില, ഡോളറിന്റെ വിനിമയ നിരക്ക്, ജി.എസ്.ടി, കസ്റ്റംസ് ഡ്യൂട്ടി എന്നിവ പരിഗണിച്ച് 61 കോടി രൂപകൂടി വര്‍ധിപ്പിച്ച് 204 കോടി രൂപ അനുവദിക്കണമെന്നായിരുന്നു കാന്‍സര്‍ സെന്ററിന്റെ ആവശ്യം. കിഫ്ബി ബോര്‍ഡ് കാന്‍സര്‍ സെന്ററിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു.
നേരത്തെ കാന്‍സര്‍ സെന്റര്‍ കെട്ടിട നിര്‍മാണം, ലിഫ്റ്റ്, ഫര്‍ണിച്ചര്‍, വൈദ്യുതി, വെള്ളം, അനുബന്ധ സൗകര്യം എന്നിവയൊരുക്കുവാന്‍ 230 കോടി രൂപ കിഫ്ബി ഫണ്ടില്‍ നിന്നും അനുവദിച്ചിരുന്നു.
കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. 16 ലിഫ്റ്റുകളില്‍ എട്ടെണ്ണവും റേഡിയേഷന് ബങ്കറും സ്ഥാപിച്ചു. ഈ വര്‍ഷം അവസാനത്തോടെ സെന്ററിന്റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.