ഓരോ ആഴ്ചയും ഏകദേശം അഞ്ചുഗ്രാം പ്ലാസ്റ്റിക് മനുഷ്യരുടെ ഉള്ളില്‍ച്ചെല്ലുന്നുണ്ടെന്ന് പഠനം. ഓസ്ട്രേലിയയിലെ ന്യൂ കാസ്റ്റില്‍ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക്കിന്റെ അംശം പ്രധാനമായും മനുഷ്യരുടെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡബ്ല്യൂ എഫ് ഇന്റര്‍നാഷണലിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് പുറത്തെത്തിയിരിക്കുന്നത്.
അഞ്ച് ഗ്രാം പ്ലാസ്റ്റിക് അഥവാ ഒരു ക്രെഡിറ്റ് കാര്ഡിന്റത്രയുമുള്ള പ്ലാസ്റ്റിക്കാണ് ഓരോ ആഴ്ചയും മനുഷ്യശരീരത്തിലേക്ക് എത്തുന്നത്. കുടിവെള്ളത്തിലൂടെയാണ് പ്ലാസ്റ്റിക് കൂടുതലായും ശരീരത്തിനുള്ളില്‍ എത്തുന്നത്. ശരാശരി 1769 പ്ലാസ്റ്റിക് തരികളാണ് ഒരാഴ്ച കുടിവെള്ളത്തിലൂടെ മനുഷന്റെ ഉള്ളിലെത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഷെല്‍ഫിഷ് ഇനത്തില്‍പ്പെട്ട ജലജീവികളെ ഭക്ഷണമാക്കുന്നതും മനുഷ്യരുടെ ഉള്ളില്‍ പ്ലാസ്റ്റിക് എത്തുന്നതിന് കാരണമാകുന്നുണ്ട്.
ഇത്തരം ജീവികളെ മുഴുവനായും ഭക്ഷിക്കുമ്ബോള്‍ അവയുടെ ദഹനേന്ദ്രിയ വ്യവസ്ഥയില്‍ എത്തിപ്പെട്ട പ്ലാസ്റ്റിക്കിന്റെ അംശം മനുഷ്യരുടെ ഉള്ളിലേക്കും എത്തും. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ തോത് പ്രദേശങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടും. എന്നാല്‍ ഒരിടവും പ്ലാസ്റ്റിക് മലിനീകരണത്തില്‍ നിന്ന് മുക്തമല്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 52 പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.