മേയ് 12 ഇന്ന് ഫ്ലോറന്‍സ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ്. ലോകത്തില്‍ പ്രകാശം പരത്തിയ വിളക്കേന്തിയ വനിതയുടെ ജന്മദിനം. അതുകൊണ്ട് തന്നെയാണ് ലോകം ഈ ദിനം ലോക നഴ്സസ്ദിനം ആയി ആചരിക്കുന്നത്. 1965 മുതല്‍ ലോക നഴ്സിങ് സമിതി ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു. ക്രീമിയന്‍ യുദ്ധകാലത്ത് പരിക്കേറ്റ പട്ടാളക്കാര്‍ക്കു നല്കിയ പരിചരണമാണ് ഫ്ലോറന്‍സ് നൈറ്റിംഗേളിനെ ലോക പ്രശസ്തയാക്കിയത്. യുദ്ധത്തില്‍ മുറിവേറ്റ പട്ടാളക്കാരുടെ ദയനീയാവസ്ഥയെക്കുറിച്ചറിഞ്ഞ അവര്‍, താന്‍ തന്നെ പരിശീലനം നല്കിയ, 38 നേഴ്സുമാരോടൊന്നിച്ച് പട്ടാളക്കാരെ ശിശ്രൂഷ ചെയ്യാന്‍ പട്ടാള ക്യാമ്പിലേയ്ക്ക് പുറപ്പെട്ടു. വേണ്ടത്ര പരിചരണം കിട്ടാതെ കഴിയുന്ന, മുറിവേറ്റ പട്ടാളക്കാരെയാണ് അവര്‍ അവിടെ കണ്ടത്. മരുന്നുകളുടെ ദൗര്‍ബല്യവും ശുചിത്വപരിപാലനത്തിലുള്ള അശ്രദ്ധയും കാരണം, പട്ടാളക്കാരുടെ പരിക്കുകള്‍ പലപ്പോളും മരണത്തില്‍വരെ കലാശിക്കുന്ന അവസ്ഥയായിരുന്നു. അവര്‍ കഠിന ശ്രമത്തിലൂടെ കുറെ പട്ടാളക്കാരെ രക്ഷിച്ചു.
ക്രിമിയന്‍ യുദ്ധകാലം ഇന്ന് കോറോണക്കാലമായി പരിണമിച്ചിരിക്കുന്നു. വിളക്കേന്തിയ ഒന്നല്ല ഒരായിരം വനിതകള്‍ വൈറസാല്‍ മുറിവേറ്റവര്‍ക്ക് സാന്ത്വനവും പരിചരണവുമേകി അവരെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടിരുന്നു. മറ്റു ചിലര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു എത്താന്‍ കഴിയാതെ മറ്റൊരു ലോകത്തെ പുല്കുന്നു. നമ്മുടെ മാലാഖമാരുടെ കരങ്ങളിലായത് കൊണ്ട് മാത്രമാണ് കേരളം കൊറോണയുടെ പിടിയില്‍ നിന്ന് ഏറെ കുറെ മുക്തമായിരിക്കുന്നത്. എന്നാല്‍ ഭൂമിയിലെ മാലാഖമാര്‍ക്ക് അര്‍ഹിക്കുന്ന ശമ്പളമോ മറ്റോ നല്‍കാതെ വെറും സേവനമായി മാത്രം അവരുടെ ജോലിയെ കാണുന്നവരുണ്ട്.
ഈ കാലത്തും സ്വന്തം ജീവനെയോ ജീവിതത്തെയോ കുടുംബത്തെയോ എന്തിന് സ്വന്തം മക്കളെ പോലും മാറ്റി നിര്‍ത്തി സമൂഹത്തിനായി അവര്‍ നിലകൊള്ളുന്നു. ഇപ്പോള്‍ വാഴ്ത്തിപാടലുകള്‍ ഒരുപാട് കേള്‍ക്കുന്നുണ്ടെങ്കിലും കോറോണക്കാലം കഴിഞ്ഞാല്‍ പിന്നെ അവരെക്കുറിച്ച് ആരും ഓര്‍ക്കില്ല. ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടാല്‍ പിന്നെ നഴ്സുമാരെ ഒരു രാഷ്ട്രീയക്കാരുടെയും പിന്തുണ ഉണ്ടാകില്ല. പിന്നെ ഇവരുടെ അവസ്ഥ രാഷ്ട്രീയ പക പോക്കലുകള്ക്കുള്ള വിഷയമായി മാറ്റും. സമൂഹത്തിന് നിസ്വാര്‍ത്ഥ സേവന ചെയ്യുന്ന ഇവരുടെ നന്മയ്ക്കായി സമൂഹവും പ്രവര്‍ത്തിക്കണം. കോറോണക്കാലത്തേയ്ക്കു മാത്രമല്ല. ഇനിയുള്ള കാലങ്ങളെല്ലാം അത്തരത്തിലുള്ളതാവട്ടെ.
ലോകത്തിന് അഭിമാനം നമ്മുടെ നഴ്സുമാര്‍: മന്ത്രി ശൈലജ ടീച്ചര്‍