തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നേരിയ രീതിയില്‍ കേസുകള്‍ ഉയരുന്നതായും മാസ്ക് ധരിക്കണമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ശ്രദ്ധാപൂര്‍വ്വമുള്ള നിരീക്ഷണമാണ് ആരോഗ്യവകുപ്പ് നടത്തിവരുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ വകുപ്പ് നിരന്തരം യോഗങ്ങള്‍ നടത്തുന്നതായും ആരോഗ്യ മന്ത്രി വ്യക്തമാക്കി. രക്തസമ്മര്‍ദവും പ്രമേഹവുമുള്ളവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണം നേരിയ രീതിയില്‍ കൂടുന്നുണ്ട്. ഇതില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. ഗര്‍ഭിണികള്‍, കുട്ടികള്‍, മറ്റ് രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ രണ്ടു വരെയുള്ള കണക്കുകള്‍ പ്രകാരം, 4660 കേസുകള്‍ സംസ്ഥാനത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പതു വരെയുള്ള കാലയളവില്‍ 11,296 കേസുകളായി ഇത് ഉയര്‍ന്നുവെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.