സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സീന് വാങ്ങി നല്കാന് 126 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് പണം നല്‍കുക. മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ആണ് വാക്സീന് വാങ്ങി നല്‍കേണ്ട ചുമതലയുള്ളത്. മൂന്നാം തരംഗ സാധ്യതയും രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യവും നിലനില്‍ക്കെയാണ് കൂടുതല്‍ സ്വകാര്യ ആശുപത്രികളെ കൂടി വാക്സീന് യജ്ഞത്തില്‍ പങ്കാളികളാക്കുന്നത്.
ഈ മാസം ഏതാണ്ട് 18.18 ലക്ഷം വാക്സീന് വേണമെന്നാണ് സ്വകാര്യ ആശുപത്രികള്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയെ അറിയിച്ചത്. ഇതനുസരിച്ച് 20 ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സീന് വാങ്ങി നല്‍കാനാണ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അനുവദിച്ചത്.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ നിന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വാക്സീന് വാങ്ങുക. രണ്ട് തവണകളായി പത്ത് ലക്ഷം വീതം വച്ചാണ് വാക്സീന് വാങ്ങുക. സര്‍ക്കാര്‍ മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് വഴി വാങ്ങി നല്കുന്ന വാക്സീന്റെ തുക പിന്നീട് സ്വകാര്യ ആശുപത്രികളില്‍ നിന്ന് സര്‍ക്കാര്‍ ഈടാക്കും.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനും സ്റ്റേറ്റ് ഹെല്‍ത് ഏജന്‍സിക്കുമാണ് ഈ തുക തിരിച്ച് ഈടാക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാക്സീന് വാങ്ങാനുള്ള നടപടികള്‍ക്ക് തുടക്കമായെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് അറിയിച്ചു.