താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയജലം കയറിയിറങ്ങിയതിനെത്തുടര്‍ന്ന് കക്കൂസുകളില്‍ നിന്നുള്ള മാലിന്യങ്ങളുള്‍പ്പെടെ, കാനകളും, തോടുകളും കവിഞ്ഞൊഴുകിയിരിക്കുന്നതിനാല്‍ കുടിവെള്ള സ്രോതസ്സുകളും, വീടും, പരിസരവും മലിനമായിരിക്കും. ഇത് വയറിളക്കരോഗങ്ങള്‍, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതിന് ഇടയാക്കുമെന്നതിനാല്‍ താഴെ പറയുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.
• വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ വീടുകളും, സ്ഥാപനങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശ പ്രകാരം അണുനശീകരണി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം വീണ്ടും ഉപയോഗിക്കുക.
• വെള്ളക്കെട്ട് മൂലം മലിനപ്പെട്ട കിണറുകളും, കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിച്ചതിന് ശേഷം മാത്രo ഉപയോഗിക്കുക.
• കക്കൂസ് ടാങ്കിന്റെ കേടുപാടുകള്‍ പരിശോധിച്ച് അത് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടില്ല എന്ന് ഉറപ്പ് വരുത്തേണ്ടതും , കേടുപാടുകള്‍ ഉണ്ടെങ്കില്‍ റിപ്പയര്‍ ചെയ്യേണ്ടതുമാണ്. ശുചിമുറിയും പരിസരവും വൃത്തിയാക്കിയിട്ടു വേണം ഉപയോഗിക്കുവാന്‍.
• കൈ കാലുകളില്‍ മുറിവുള്ളവര്‍ ഡോക്ടറെ കണ്ട് ഉപദേശം തേടിയതിനു ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക .
• മലിനജലത്തില്‍ ജോലി ചെയ്യേണ്ട സാഹചര്യത്തില്‍ വ്യക്തിഗത സുരക്ഷാ ഉപാധികള്‍ ( ഗംബൂട്ട്, കയ്യുറ, തുടങ്ങിയവ ) നിര്‍ബന്ധമായും ഉപയോഗിക്കേണ്ടതാണ്.
• വീടുകളില്‍ തുറന്ന നിലയില്‍ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റും ഏലി മൂത്രത്താല്‍ മലിനമായിരിക്കുവാന്‍ ഇടയുള്ളതിനാല്‍ അവ ഉപയോഗിക്കരുത്.
• പാകം ചെയ്യുവാന്‍ ഉപയോഗിക്കുന്ന പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ തുടങ്ങിയ വസ്തുക്കള്‍ തിളപ്പിച്ച വെള്ളത്തില്‍/ 1% ക്ലോറിന്‍ ലായനിയില്‍ 20 – 30 മിനിറ്റ് വച്ച ശേഷം കഴുകിയെടുത്തതിന് ശേഷം ഉപയോഗിക്കുക.
• വീട് വൃത്തിയാക്കുമ്പോള്‍ പാഴ്വസ്തുക്കള് അലക്ഷ്യമായി വലിച്ചെറിയരുത്.
• ഈച്ച ശല്യം ഒഴിവാക്കുന്നതിനായി ഭക്ഷണാവശിഷ്ടങ്ങള്‍ പുറത്തേക്ക് വലിച്ചെറിയാതിരിക്കാന്‍ ശ്രെദ്ധിക്കുക.
• ഭക്ഷണസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
• ചുറ്റുപാടും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുവാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുക.
• വീടിനു പുറത്ത് ഇറങ്ങുമ്പോഴെല്ലാം നിര്‍ബന്ധമായും ചെരുപ്പ് ഉപയോഗിക്കുക.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
• ആഹാരം കഴിക്കുന്നതിനു മുന്‍പും, ഭക്ഷണ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍പും, ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകുക.
• വൈറല്‍ പനി, എച്ച് 1 എന്‍ 1, മുതലായ പകര്‍ച്ചവ്യാധികള്‍ തടയുവാന്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കേണ്ടതാണ്.
• തുറസ്സായ സ്ഥലങ്ങളില്‍ തുപ്പുകയോ മലമൂത്ര വിസര്‍ജ്ജനം നടത്തുകയോ ചെയ്യരുത്.
• പനിയോ, മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടായാല്‍ സ്വയം ചികില്സിക്കാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടേണ്ടതാണ്
ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് അണുനശീകരണം നടത്തേണ്ടവിധം
വെള്ളപൊക്കത്തിനു ശേഷം ജലം ശുദ്ധീകരിക്കാനും, വീടുകള്‍ അണുവിമുക്തമാക്കാനും ഏറ്റവും നല്ല മാര്‍ഗം ക്ലോറിനേഷന് തന്നെയാണ്.
a. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് കിണറിലെ വെള്ളം ശുദ്ധീകരിക്കുന്ന രീതി
1.കിണറിലെ വെള്ളത്തിന്റെ അളവ് കണക്കാക്കുക . അതിന് ആദ്യം കിണറിന്റെ വ്യാസം മീറ്ററില്‍ കണക്കാക്കുക (D). തുടര്‍ന്ന് ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയില്‍ വരെ ഇറക്കി നിലവില്‍ ഉള്ള വെള്ളത്തിന്റെ ആഴം മീറ്ററില്‍ കണക്കാക്കുക (H)
വെള്ളത്തിന്റെ അളവ് = 3.14 x D x D x H x 250 ലിറ്റര്‍
3. സാധാരണ ക്ലോറിനേഷനന് നടത്താന്‍ 1000 ലിറ്ററിന് 2.5 ഗ്രാം ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം വരിക. എന്നാല്‍ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം അതീവ മലിനം ആയിരിക്കും എന്നതു കൊണ്ട് സൂപ്പര്‍ ക്ലോറിനേഷന് നടത്തേണ്ടതുണ്ട്. ഇതിനായി 1000 ലിറ്ററിന് 5 ഗ്രാം (ഏകദേശം ഒരു ടീസ്പൂണ്‍ കൂമ്പാരം ആയി) ബ്ലീച്ചിംഗ് പൌഡര്‍ ആണ് ആവശ്യം.
4. വെള്ളത്തിന്റെ അളവ് വച്ച് ആവശ്യമായ ബ്ലീച്ചിംഗ് പൌഡര്‍ പ്ലാസ്റ്റിക് ബക്കറ്റില്‍ എടുക്കുക. ഇതില്‍ അല്പം വെള്ളം ചേര്‍ത്ത് കുഴമ്പ് പരുവത്തില്‍ ആക്കുക. നന്നായി കുഴമ്പ് ആയ ശേഷം ബക്കറിന്റെ മുക്കാല്‍ ഭാഗം വെള്ളം ഒഴിച്ച് ഇളക്കുക. ശേഷം ബക്കറ്റ് 10 മിനിറ്റ് അനക്കാതെ വെക്കുക
5. 10 മിനിറ്റ് കഴിയുമ്പോള്‍ ലായനിയിലെ ചുണ്ണാമ്പ് അടിയില്‍ അടിയും . മുകളില്‍ ഉള്ള വെള്ളത്തില്‍ ക്ലോറിന്‍ ലയിച്ച് ചേര് ന്നിരിക്കും. വെള്ളം കോരുന്ന ബക്കറ്റിലേക്ക് ഈ തെളി ഒഴിച്ച ശേഷം ബക്കറ്റ് കിണറിന്റെ ഏറ്റവും അടിയിലേക്ക് ഇറക്കി പൊക്കുകയും താഴ്ത്തുകയും ചെയ്തു വെള്ളത്തില്‍ ക്ലോറിന്‍ ലായനി നന്നായി കലര് ത്തുക.
6. 1 മണിക്കൂര്‍ സമയം വെള്ളം അനക്കാതെ വച്ച ശേഷം കിണറിലെ വെള്ളം ഉപയോഗിച്ച് തുടങ്ങാം.
b. ബ്ലീച്ചിംഗ് പൌഡര്‍ ഉപയോഗിച്ച് വീടിന്റെ തറയും പരിസരവും വൃത്തിയാക്കുന്ന രീതി
വീടിന്റെ തറയില്‍ അടിഞ്ഞിരിക്കുന്ന ചെളിയും മറ്റും ആദ്യം നന്നായി വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക.
അതിനു ശേഷം 1% ക്ലോറിന്‍ ലായനി ഒഴിച്ച ശേഷം ചുരുങ്ങിയത് 20 – 30 മിനിറ്റ് സമ്പര്‍ക്കം ലഭിച്ചാല്‍ മാത്രമേ അണു നശീകരണം കൃത്യമായി നടക്കൂ.
(1% ക്ലോറിന്‍ ലായനി തയ്യാറാകുന്ന വിധം: 6 ടീ സ്പൂണ്‍ ബ്ലീച്ചിംഗ് പൌഡര്‍ എടുത്തു കുഴമ്പ് പരുവത്തില്‍ ആക്കുക. അതിനു ശേഷം അതിലേക്ക് 1 ലിറ്റര്‍ വെള്ളം ചേര്‍ക്കുക. മുകളില്‍ പറഞ്ഞ പോലെ കലക്കി 10 മിനിറ്റ് വച്ച ശേഷം, അതിന്റെ തെളി എടുത്തു വേണം തറ തുടക്കാനും, പരിസരത്ത് ഒഴിക്കാനും. കൂടുതല്‍ ആവശ്യം എങ്കില്‍ ഒരു ലിറ്ററിന് 6 ടീസ്പൂണ്‍ എന്ന കണക്കിന് ലായനി തയ്യാറാക്കാം. )
4. അര മണിക്കൂറിനു ശേഷം മണം ഉള്ള മറ്റു ലായനികള്‍ ഉപയോഗിച്ച് തറ വൃത്തി ആക്കി ക്ലോറിന്റെ മണം മാറ്റാം.
(ഇത് വായിച്ചല്ലോ, ഇത്തരം അറിവുകള്‍ കൂടുതല്‍ പേരിലെത്തണം അതിനായി ഇനി ഇത് ഷെയര്‍ ചെയ്യുക)