തൃശൂര്‍: . ഐസിയു ഉള്‍പ്പെടെ ബഹിഷ്കരിച്ച് ത്രിശൂര്‍ ജില്ലയില്‍ ഇന്ന് 24 ആശുപത്രികളില്‍ നഴ്സുമാരുടെ സമരം. യുഎന്‍എ നേതൃത്വത്തില്‍ സമരക്കാരായ നഴ്സുമാര്‍ തൃശ്ശൂര്‍ ജില്ലാ കലക്ടറേറ്റിനു മുന്നില്‍ ധര്ണന നടത്തും. ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസം സമരം നടത്തുമെന്നാണ് നഴ്സുമാര്‍ അറിയിച്ചിരുന്നത്. ദിവസ വേതനം 1500 രൂപയായി വര്‍ധിപ്പിക്കണമെന്നാണ് നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. നിലവില്‍ 800 രൂപയാണ് ദിവസ വേതനം.
അതേസമയം നാല് ആശുപത്രികളിലെ നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്മാറി. 50 ശതമാനം ശമ്പള വര്‍ധനവ് മാനേജ്മെന്റുകള്‍ ഉറപ്പ് നല്‍കിയതോടെ നഴ്സുമാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. യുഎന്‍എ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ശമ്പളം വര്‍ധിപ്പിക്കാനുളള തീരുമാനമായത്. ജൂബിലി മിഷന്, വെസ്റ്റ് ഫോര്‍ട്ട്, ദയ, അമല, സണ്‍, മലങ്കര മിഷന് എന്നീ ആശുപത്രികളിലാണ് നഴ്സുമാര്‍ക്ക് വേതനം വര്‍ധിപ്പിച്ചത്.
നേരത്തെ ജില്ലയിലെ 26 ആശുപത്രികളിലും സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. സമരത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികളെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. ഐസിയു, വെന്റിലേറ്റര്‍ രോഗികളെ ഡിസ്ചാര്‍ജ് ചെയ്ത് സമീപ ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റാനാണ് നിര്‍ദേശിച്ചിരുന്നു. രോഗികളെ മാറ്റുന്നതിനായി ആശുപത്രി കവാടത്തില്‍ യുഎന്‍എയുടെ അംഗങ്ങള്‍ ആംബുലന്‍സുമായി തയ്യാറായിരിക്കും.