മൂന്നാര്‍: മൂന്നാറില്‍ ജില്ലാഭരണകൂടം സംഘടിപ്പിച്ച കോവിഡ്19 മെഡിക്കല്‍ ക്യാമ്പില്‍ എത്തിയത് ആയിരത്തോളം തോട്ടം തൊഴിലാളികളും കുടുംബങ്ങളും. കോതമംഗലം പീസ് വാലി- ആസ്റ്റര്‍ വോളന്റീര്‍സ് സംയുക്ത സംരംഭമായ സഞ്ചരിക്കുന്ന ആശുപത്രി ഉപയോഗിച്ചുള്ള കൊറോണ സ്ക്രീനിങ്ങിലാണ് വിവിധ പ്രദേശങ്ങളിലായി ആയിരങ്ങളെത്തി ചികിത്സതേടിയത്.
കോതമംഗലം മാര്‍ബസേലിയോസ് ഹോസ്പിറ്റലിലെ ഡോ മുഹമ്മദ് ഹസ്സന് (പിവിഎം) ഡോ ഷെര്‍വിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പുകളില്‍ പരിശോധനകള്‍ നടത്തുന്നത്. ഇവര്‍ക്ക് പുറമേ നേഴ്സ്, പേഷ്യന്റ് കെയര്‍ ഫെസിലിറ്റേറ്റര്‍ എന്നിവരാണ് സഞ്ചരിക്കുന്ന ആശുപത്രിയില്‍ ഉള്ളത്.
ജില്ലാ കളക്ടര്‍ എച്ച് ദിനേശന് ഐഎഎസ് ക്യാമ്പ് ടീം അംഗങ്ങളെ അനുമോദിച്ചു.
ആദ്യ ഘട്ടത്തില്‍ പള്ളിവാസല്‍ പഞ്ചായത്തിലെ ചിത്തിരപുരം, പവര്‍ ഹൌസ്, ആനച്ചാല്‍ മേഖലയിയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ ക്കിടയിലാണ് സ്ക്രീനിംഗ് നടത്തിയത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒരെ സമയം മൂന്നു പേരെ മാത്രമാണ് പരിശോധിക്കുക. ചിത്തിരപുരം താലൂക് ഹോസ്പിറ്റല്‍ അധികൃതര്‍ പരിപാടിക്ക് നേതൃത്വം നല്കി. ആസ്റ്റര്‍ മെഡികെയറിന്റേതാണ് സഞ്ചരിക്കുന്ന ആശുപത്രി. ആസ്റ്റര്‍ മെഡികെയര്‍ മാനേജര്‍ ലത്തീഫ് കാസിം പീസ് വാലി അധികൃതരും നേതൃത്വം നല്കി.
മൂന്നാറില്‍ ആവശ്യക്കാര്‍ക്ക് മരുന്നും ഭക്ഷണവും എത്തിച്ചുനല്‍കും
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നാര്‍ മേഖലയിലെ വയോജനങ്ങള്‍, രോഗികള്‍, കുട്ടികള്‍ എന്നിവര്‍ക്ക് മരുന്നും ഭക്ഷണവും ആവശ്യമുള്ളവര്‍ക്ക് അവ വീടുകളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കും. ഈ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ ഒരുകാരണവശാലും പുറത്തിറങ്ങാന്‍ പാടില്ല. ആവശ്യങ്ങള്‍ ഉള്ളവര്‍ 9447825887- പ്രവീണ്‍ എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണന്ന് ദേവികുളം സബ് കളക്ടര്‍ അറിയിച്ചു.