കൊച്ചി : വാക്സിന് ചലഞ്ചിനോട് അനുബന്ധിച്ച് ശമ്ബളത്തില്‍ നിന്ന് പിടിച്ച 12.5 കോടി രൂപ തിരികെ ചോദിക്കാനൊരുങ്ങി വൈദ്യുതി ജീവനക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ വാക്സിന് സൗജന്യമാക്കിയതോടെയാണ് തുക തിരികെ ചോദിക്കുന്നത് എന്ന് ജീവനക്കാർ പറഞ്ഞു. വൈദ്യുതിബോര്‍ഡ് ഉന്നതാധികൃതര്‍ക്ക് ഇത് സംബന്ധിച്ച് ജീവനക്കാരുടെ സംഘടനകള്‍ കത്ത് നല്‍കും. ഇടതു സംഘടനകളൊഴികെയുള്ള സംഘടനകളെല്ലാം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണെന്ന് ഇവർ അറിയിച്ചു.
ജീവനക്കാരുടെ മേയ് മാസത്തിലെ ഒരു ദിവസത്തെ ശമ്ബളമാണ് വാക്സിന് ചലഞ്ചെന്ന പേരില്‍ സർക്കാർ പിടിച്ചത്. വൈദ്യുതിബോര്‍ഡ് മാത്രമാണ് വാക്സിന് ചലഞ്ചിനായി ജീവനക്കാരുടെ ശമ്ബളം പിടിച്ചതെന്നും ബോര്‍ഡിലെ 34,000 ജീവനക്കാരില്‍നിന്ന് സി.എം.ആര്.വി.സി. എന്ന പേരിലാണ് തുക പിടിച്ചെടുത്തതെന്നും ജീവനക്കാർ പറഞ്ഞു.
അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ തുക തിരികെ നല്കാന് തുടങ്ങിയിട്ടും വൈദ്യുതിബോര്‍ഡ് ആണ് ഇതിന് തടസം നിൽക്കുന്നതെന്നും ആക്ഷേപമുണ്ട്. രാജ്യം മുഴുവന്‍ വാക്സിന് സൗജന്യമാക്കിയതോടെ ഇനി വാക്സിന് ചലഞ്ചെന്ന പേരില്‍ പണം നല്കുന്നതില് അര്‍ഥമില്ലെന്നാണ് സംഘടനയുടെ തീരുമാനം.