സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് രോഗമുക്തനായി. കോവിഡ് ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എംവി ജയരാജന് ഈയാഴ്ച ആശുപത്രി വിടും തുടര്‍ന്ന് ഒരുമാസം കര്‍ശന ശ്രദ്ധയോടെ വീട്ടില്‍ വിശ്രമിക്കേണ്ടിവരും. ഈസമയം അടുത്ത ബന്ധുക്കള്‍ ഉള്‍പ്പെടെ സന്ദര്‍ശകരെ ആരെയും അനുവദിക്കില്ല.
ജനുവരി 18നാണ് കോവിഡ് പോസിറ്റീവായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 20ന് ന്യുമോണിയ ലക്ഷണം കണ്ടതോടെ പരിയാരത്തേക്കു മാറ്റി. വിശദ പരിശോധനയില്‍ ന്യുമോണിയ പിടിമുറുക്കിയായി കണ്ടെത്തി. ഒപ്പം, കടുത്ത പ്രമേഹവും രക്തസമ്മര്‍ദവും. ചികിത്സയ്ക്കായി പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറുമായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ന്യുമോണിയ കാരണം ശ്വാസകോശത്തിലെ രണ്ട് അറകളേയും 75 ശതമാനത്തോളം രോഗം ബാധിച്ചിരുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും ഒപ്പം വലിയ പ്രതിസന്ധി സൃഷ്ടിച്ചതാണ്. രക്തത്തില്‍ ഓക്സിജന്റെ അളവ് നന്നേ കുറഞ്ഞതിനാല്‍ ശ്വാസോച്ഛ്വാസം പോലും സി-പപ്പ് വെന്റിലേന്ററിന്റെ സഹായത്തോടെയായിരുന്നു ക്രമീകരിച്ചത്.
24ന് അര്‍ധരാത്രിയോടെ ആരോഗ്യമന്ത്രി നേരിട്ടെത്തി മെഡിക്കല്‍ ബോര്‍ഡ് യോഗം വിളിച്ചു. കോഴിക്കോട്ടുനിന്ന് ക്രിട്ടിക്കല്‍ കെയര്‍ വിദഗ്ധരായ ഡോ. എ എസ് അനൂപ്കുമാറും ഡോ. പി ജി രാജുവുമെത്തി. കൂടാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. എസ് എസ് സന്തോഷ്കുമാറും ഡോ. അനില്‍ സത്യദാസും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചെന്നൈയിലെ പ്രമുഖ ഇന്‍ഫെക്ഷണല്‍ കണ്ട്രോള് സ്പെഷ്യലിസ്റ്റ് ഡോ. റാം സുബ്രഹ്മണ്യത്തിന്റെ ഉപദേശവും തേടി. അദ്ദേഹം നിര്‍ദേശിച്ച ഇഞ്ചക്ഷന് മരുന്ന് കോഴിക്കോടുനിന്ന് എത്തിച്ചുനല്‍കി. 25ന് വൈകിട്ടോടെ ആരോഗ്യനില മെച്ചപ്പെട്ടു. മൂത്രത്തില്‍ പഴുപ്പുവന്നത് ആശങ്കയായെങ്കിലും ഇപ്പോള്‍ അതും മാറി.
മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ എം കുര്യാക്കോസ് ചെയര്‍മാനും മെഡിക്കല്‍ കോളേജ് ആശൂപത്രി സൂപ്രണ്ട് ഡോ. കെ സുദീപ് കണ്‍വീനറും ഡോ. ഡി കെ മനോജ്, ഡോ. വിമല്‍ റോഹന്‍, ഡോ. എസ്.എം സരിന്, ഡോ. കെ സി രഞ്ജിത്ത് കുമാര്‍, ഡോ. എസ് എം അഷ്റഫ്, ഡോ. വി കെ പ്രമോദ് എന്നിവര്‍ അംഗങ്ങളുമായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ചികിത്സ നടത്തിയത്. കോവിഡ് ഐ സി യുവിലെ നേഴ്സുമാരുടെ സേവന സന്നദ്ധതയും അര്‍പ്പണബോധവും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുവെന്നും മെഡിക്കല്‍ ബോര്‍ഡ് യോഗം വിലയിരുത്തി.