തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സജ്ജമാക്കിയ കാത്ത് ലാബിന്റേയും 14 കിടക്കകളുള്ള കാര്‍ഡിയാക് ഐസിയുവിന്റേയും ഉദ്ഘാടനം ഒക്ടോബര്‍ 6-ാം തീയതി ഉച്ചയ്ക്ക് 2.30ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജനിര്വഹിക്കും. തലസ്ഥാന നഗരിയിലുള്ള ജനറല്‍ ആശുപത്രിയില്‍ കാത്ത് ലാബ് സൗകര്യവും കാര്‍ഡിയാക് ഐസിയുവും വരുന്നതോടെ ഹൃദയസംബന്ധമായ അസുഖമുള്ളവരെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാതെ ഇവിടെത്തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.
ഇവിടത്തെ നിത്യേനയുള്ള കാര്‍ഡിയോളജി ഒ.പി. വിഭാഗത്തില്‍ ഗുരുതരമായ ഹൃദ്രോഗികള്‍ ചികിത്സയ്ക്ക് എത്താറുണ്ടെങ്കിലും കാത്ത് ലാബ് ഇല്ലാത്തതിനാല്‍ കാത്ത് ലാബ് പ്രൊസീജിയര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ ചികിത്സ നല്കാന് കഴിയുമായിരുന്നില്ല. 4 കിടക്കകളുള്ള ഒരു ഐ.സി.യു മാത്രമാണ് ഉണ്ടായിരുന്നത്. ഇതിനൊരു പരിഹാരമെന്നോണമാണ് 7.5 കോടി മുടക്കി അത്യാധുനിക കാത്ത് ലാബും കാര്‍ഡിയാക് ഐസിയുവും സജ്ജമാക്കിയത്. ജനറല്‍ ആശുപത്രിയില്‍ ഈ സംവിധാനം നിലവില്‍ വരുന്നതോടെ തൃതീയ തലത്തിലുള്ള ഹൃദയ പരിചരണം ആവശ്യമുള്ള പാവപ്പെട്ട രോഗികള്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ജനറല്‍ ആശുപത്രിയില്‍ ഇതോടെ എല്ലാവിധത്തിലുള്ള ഹൃദ്രോഗവും ചികിത്സിക്കാനാകും. ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, വാല്‍വ് ഇന്റര്‍വെന്‍ഷന്‍, പെയ്സ് മേക്കര്‍ ഇംപ്ലാന്റേഷന്, ഇംപ്ലാന്റബിള്‍ കാര്‍ഡിയോവര്‍ട്ടര്‍ ഡീഫിബ്രിലേറ്റര്‍ (ഐ.സി.ഡി), കാര്‍ഡിയാക്ക് റീ സിങ്ക്രണൈസേഷന്‍ തെറാപ്പി, പെരിഫെറല്‍ ആന്‍ജിയോഗ്രാഫി & ആന്‍ജിയോപ്ലാസ്റ്റി, ജന്മനായുള്ള ഹൃദ്രോഗ ചികിത്സ എന്നിവ മികച്ച രീതിയില്‍ നടത്തുവാന്‍ സാധിക്കും.
ഒരു സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഒരു കണ്‍സള്‍ട്ടന്റ്, കാര്‍ഡിയോളജിയില്‍ ബിരുദാനന്തര ബിരുദമുള്ള 2 ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, 2 അസിസ്റ്റന്റ് സര്ജന്മാര്, ഒരു കാത്ത് ലാബ് ടെക്നീഷ്യന്, ഒരു എക്കോ ടെക്നീഷ്യന്, 15 സ്റ്റാഫ് നഴ്സ്, അനുബന്ധ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള ടീമാണ് ഈ യൂണിറ്റിലുള്ളത്.
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ആശുപത്രികളിലൊന്നാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രി. ഇന്ന് 749 കിടക്കകളോടുകൂടി വിവിധതരം സ്പെഷ്യാലിറ്റി സേവനങ്ങള്‍ മികച്ച രീതിയില്‍ നല്കുന്ന വലിയ സ്ഥാപനമായി മാറിക്കഴിഞ്ഞു. ഒരു മാസം ശരാശരി വിവിധ വിഭാഗങ്ങളിലായി 73,370 രോഗികള്‍ ഒ.പി. വിഭാഗത്തിലും 14,170 രോഗികള്‍ ഐ.പി. വിഭാഗത്തിലും ചികിത്സയ്ക്കായെത്താറുണ്ട്. ന്യൂറോളജി, യൂറോളജി, നെഫ്രോളജി, ഗാസ്ട്രോ എന്ററോളജി, ജീറിയാട്രിക്സ്, കാര്‍ഡിയോളജി എന്നീ സ്പെഷ്യാലിറ്റി യൂണിറ്റുകളും ഇവിടെയുണ്ട്. ജനറല്‍ ഒ.പികള്‍ കൂടാതെ അസ്ഥിരോഗ ചികിത്സ, ഫിസിക്കല്‍ മെഡിസിന് & റീഹേബിലിറ്റേഷന്‍, റെസ്പിറേറ്ററി മെഡിസിന്, ത്വക്ക് രോഗ ചികിത്സ, ഇ.എന്‍.റ്റി, ഒഫ്താല്‍മോളജി, റേഡിയോളജി, റേഡിയോതെറാപ്പി, ശിശുരോഗ ചികത്സ എന്നീ വിഭാഗങ്ങളും മികവുറ്റ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചുവരുന്നു. ഇതിനു പുറമെ തൈറോയിഡ് ക്ലിനിക്ക്, എന്‍.സി.ഡി ക്ലിനിക്ക്, ഡയബറ്റിക് ക്ലിനിക്ക്, ആര്‍ത്രൈറ്റിസ് ക്ലിനിക്ക് എന്നിവയും മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു വരുന്നുണ്ട്.
ഈ സര്‍ക്കാര്‍ വന്നതിന് ശേഷം പൊതുജനാരോഗ്യം കൂടുതല്‍ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയും ജനറല്‍ ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ടും വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ഈ സര്‍ക്കാര്‍ വന്നശേഷം ആര്‍ദ്രം മിഷന്റെ ഭാഗമായി 11 ഡോക്ടര്‍മാരുള്‍പ്പെടെ 19 തസ്തികകള്‍ ഈ ആശുപത്രിയില്‍ സൃഷ്ടിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പുതിയ സ്പെഷ്യാലിറ്റി യൂണിറ്റുകള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി ലാപ്രോസ്കോപിക് പാര്‍ഷ്യല്‍ നെഫ്രക്ടമി തിരുവനന്തപുരം യൂറോളജി വിഭാഗത്തില്‍ ചെയ്യുവാന്‍ സാധിച്ചു. ഇതുവരെ ആകെ ലാപ്രോസ്കോപിക് നെഫ്രക്ടമി 29 എണ്ണവും, 50 ല്‍ പരം ഓപ്പണ്‍ നെഫ്രക്ടമിയും ഇതേ വിഭാഗത്തില്‍ നടത്തിയിട്ടുണ്ട്. അസ്ഥിരോഗ വിഭാഗത്തില്‍ റ്റോട്ടല്‍ ക്നീ റീപ്ലെയ്സ്മെന്റ് 30 എണ്ണവും, റ്റോട്ടല്‍ ഹിപ്പ് റീപ്ലെയ്സ്മെന്റ് 1 എണ്ണവും, ഹൈ റ്റിബിയല്‍ ഓസ്റ്റിയോട്ടമി 3 എണ്ണവും, ആര്‍ത്രോസ്കോപ്പി 15 എണ്ണവും, മെഡിക്കല്‍ ഗാസ്ട്രോ എന്ററോളജി വിഭാഗത്തില്‍ 129 എന്‍ഡോസ്കോപ്പിയും നടത്തിയിട്ടുണ്ട്. എല്ലാ സര്‍ജിക്കല്‍ വിഭാഗങ്ങളിലും കൂടി 1577 ശസ്ത്രക്രിയകള്‍ ആണ് ജനുവരി മുതല്‍ മേയ് വരെ നടത്തിയിട്ടുള്ളത്.
കോവിഡ് ചികിത്സയിലും ജനറല്‍ ആശുപത്രിയുടെ സേവനം സ്തുത്യര്‍ഹമാണ്. നിലവില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് ചികിത്സ കേന്ദ്രമായാണ് ജനറല്‍ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്. ഒപി, ട്രയാജ് സംവിധാനം, കോവിഡ് സംശയിക്കുന്നവരുടേയും സ്ഥിരീകരിക്കുന്നവരുടേയും ചികിത്സ, സാമ്പിള്‍ ശേഖരണം, കൗണ്‍സിലിംഗ് തുടങ്ങിയ വിപുലമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എക്സ്റേ, ലാബ്, ഫാര്‍മസി, സി.ടി. സ്കാന്‍ എന്നീ വിഭാഗങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമാണ്. നിലവില്‍ 280 ഓളം കോവിഡ് രോഗ ബാധിതരാണ് ചികിത്സയിലുള്ളത്. കോവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റിയതിന് ശേഷം ഏകദേശം 400 ഓളം രോഗികള്‍ ദിവസേന കോവിഡ് ഒ.പിയില്‍ പരിശോധനക്കായി എത്തുന്നുണ്ട്. നിലവില്‍ 310 കിടക്കകളാണ് വിവിധ കെട്ടിടങ്ങളിലെ വാര്‍ഡുകളിലായി കോവിഡ് രോഗികളെ ചികിത്സിക്കാനായി സജ്ജമാക്കിയിട്ടുള്ളത്.