മൂവാറ്റുപുഴ: ജനറല്‍ ആശുപത്രിക്ക് അനുവദിപ്പിച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ തുക നഷ്ടപ്പെടുത്തരുതെന്ന് മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം. ആശുപത്രി വികസനകാര്യങ്ങളില്‍ എം.എല്‍.എ യോ നഗരസഭാധികൃതരോ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. ആശുപത്രി വികസന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും മുന്‍ എം.എല്‍.എ എല്‍ദോ എബ്രഹാം ആവശ്യപെട്ടു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണ കാലയളവില്‍ 2019 ജനുവരി 31ന് അവതരിപ്പിച്ച 2019 – 2020 ബജറ്റില്‍ ജനറല്‍ ആശുപത്രിക്ക് അനുവദിച്ച 5 കോടി രൂപ നാളിതുവരെ ഉപയോഗിക്കാത്തത് .അധികൃതരുടെ അനാസ്ഥയാണെന്ന് മുന്‍ എം.എല്‍എ എല്‍ദോ എബ്രഹാം കുറ്റപ്പെടുത്തി.
ബജറ്റില്‍ ക്രമനമ്പര്‍ 1017 പ്രകാരം 5 കോടി രൂപയുടെ 20% 1 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ഭരണാനുമതി ലഭ്യമായ ഈ പദ്ധതി വഴി ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികില്‍സക്ക് വേണ്ടി ആധുനിക സൗകര്യങ്ങളാണ് വിഭാവനം ചെയ്തിരുന്നത്.
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ആയിരക്കണക്കിന് സാധാരണക്കാരായ ജനങ്ങള്‍ ദൈനംദിനം ചികില്‍സക്കായി എത്തുന്ന ആശുപത്രിയാണിത്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പദ്ധതികള്‍ അല്ലാതെ ഇക്കഴിഞ്ഞ 43 മാസത്തിനിടെ ആശുപത്രി വികസന കാര്യത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.
ഡയാലിസിസ് യൂണിറ്റ്, ഓപ്പറേഷന് തീയറ്ററുകളുടെ നവീകരണം,ഒ.പി. ബ്ലോക്ക് അനക്സ് നിര്‍മ്മാണം കാഷ്വാലിറ്റി ബ്ലോക്ക് നവീകരണം, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് രണ്ടാം ഘട്ടം പൂര്‍ത്തീകരണം, ചുറ്റുമതില്‍ നിര്‍മാണം, ലാബ് നവീകരണവും ആധുനിക പരിശോധന സംവിധാനങ്ങള്‍ തയ്യാറാക്കല്‍, ഡി അഡിക്ഷന് സെന്റര്‍ സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള വികസനം കഴിഞ്ഞ ഗവണ്മെന്റിന്റെ കാലത്ത് നടന്നു. കാരുണ്യ ഫാര്‍മസി ആരംഭിക്കാന്‍ ഉള്ള നടപടികളും തുടങ്ങി. പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസം പകരുന്ന യാതൊരു നടപടിയും ഇന്ന് ജനറല്‍ ആശുപത്രിയില്‍ ഉണ്ടാകാത്തത് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികളുടെ അനാസ്ഥയും അശ്രദ്ധയുമാണെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.