ദുബൈ: വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് എത്തുന്നവർക്ക് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന് അഫയേഴ്സിൻ്റെ (ജി.ഡി.ആര്.എഫ്.എ) അനുമതി നിര്‍ബന്ധമാണെന്ന് ദുബൈ സിവില്‍ ഏവിയേഷന്‍ അറിയിച്ചു. എന്നാല്‍, ദുബൈ ഒഴികെയുള്ള മറ്റ് എമിറേറ്റിലേക്ക് വരുന്നവര്‍ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ അനുമതിയാണ് തേടേണ്ടത്)
ദുബൈ യാത്രക്കാര്‍ https://smart.gdrfad.gov.ae/homepage.aspx എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. ജി.ഡി.ആര്.എഫ്.എയുടെ അനുമതി ലഭിച്ച ശേഷം മാത്രമെ യാത്ര ചെയ്യാൻ കഴിയു. യു.എ.ഇയില്‍ നിന്നെടുത്ത രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കാണ് യാത്രഅനുമതി എന്നും സിവില്‍ ഏവിയേഷൻ്റെ സര്‍ക്കുലറില്‍ പറയുന്നു. യു.എ.ഇയിലെ സര്‍ക്കാര്‍ സ്മാര്‍ട്ട് ആപ്പുകള്‍ വഴി ലഭിക്കുന്ന വാക്സിന് സര്‍ട്ടിഫിക്കറ്റും ഉള്‍പെടുത്തണം.
അതേസമയം, ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്, വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ (സ്കൂള്‍, കോളജ്, യൂനിവേഴ്സിറ്റി) എന്നിവര്‍ക്ക് വാക്സിനെടുത്തില്ലെങ്കിലും യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍, മാനുഷീക പരിഗണന അര്‍ഹിക്കുന്ന കേസുകള്‍, സര്‍ക്കാര്‍ ജീവനക്കാര്‍, ചികിത്സ അത്യാവശ്യമുള്ളവര്‍ എന്നിവര്‍ക്കും ഇളവുണ്ട്. ഇന്ത്യക്ക് പുറമെ പാകിസ്ഥാന്, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്കാണ് അനുമതി.