കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ അപകടത്തെ തുടര്‍ന്ന് മരണമടഞ്ഞ 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം വീതമുള്ള ഇന്‍ഷുറന്‍സ് ക്ലെയിം അവരുടെ ബന്ധുക്കളുടെ അക്കൗണ്ടില്‍ എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അപകടങ്ങളില്‍ മരണമടഞ്ഞ തൃശൂര്‍ ചാവക്കാട് തൊട്ടാപ്പ് ആറാകടവില്‍ അബ്ദുവിന്റെ മകന് എ.എ. ആസിഫ് (22), തൃശൂര്‍ പെരിങ്ങോട്ടുക്കര താണിക്കല്‍ ചെമ്മണ്ണാത്ത് വര്‍ഗീസിന്റെ മകള്‍ ഡോണ (23) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് ആനുകൂല്യം ലഭിച്ചത്. രണ്ട് ജീവനക്കാരുടേയും കുടുംബാംഗങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് അവരെ ഒട്ടും കഷ്ടപ്പെടുത്താതെ കേന്ദ്ര സര്‍ക്കാരിന്റെ പി.എം.ജി.കെ.പി. ഇന്‍ഷുറന്‍സ് ക്ലൈം എത്രയും വേഗം നേടിക്കൊടുക്കാന്‍ ആരോഗ്യ വകുപ്പിനും ആരോഗ്യ കേരളത്തിനുമായി.
ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ മുമ്പാകെ 50ലേറെ ക്ലെയിമുകള്‍ വന്നതില്‍ ആദ്യമായി പാസായത് കേരളത്തില്‍ നിന്നുള്ള ഈ രണ്ട് ക്ലെയിമുകളാണ്. കേരള ആരോഗ്യ വകുപ്പിന്റെ ഭാഗമായി എന്‍.എച്ച്.എം. മിഷന് ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, എച്ച്.ആര്. മാനേജര്‍ കെ. സുരേഷ്, കോവിഡ്-19 സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍, തൃശൂര്‍ ഡി.എം.ഒ. ഡോ. കെ.ജെ. റീന, ഡി.പി.എം. ഡോ. സതീശന് തുടങ്ങിയവര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ എത്തിക്കുന്നതിന് നടത്തിയ കൂട്ടായ പരിശ്രമങ്ങളും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ് ഡല്‍ഹിയിലിടപെട്ട് ക്ലെയിം പാസാക്കുന്നതിന് നടത്തിയ പരിശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി.
50 ലക്ഷം രൂപ വീതമുള്ള മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ഡോ. കൃഷ്ണ പ്രസാദ് കൈമാറി. നോഡല്‍ ഓഫീസര്‍ ഡോ. അമര്‍ ഫെറ്റില്‍ സന്നിഹിതനായി. കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൃശൂര്‍ എന്‍.എച്ച്.എം. വഴി ഇക്കഴിഞ്ഞ മാര്‍ച്ച് 16നാണ് എ.എ. ആസിഫ് സ്റ്റാഫ് നഴ്സായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡ്-19ന്റെ ഭാഗമായി കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ഐസൊലേഷന്‍ വാര്‍ഡില്‍ ഐ.പി. രോഗികളേയും ഒ.പി. രോഗികളേയും പരിചരിക്കുന്നതില്‍ ആസിഫ് ആത്മാര്‍ത്ഥമായ സേവനമാണ് നടത്തിയത്.
ആശുപത്രിയില്‍ കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്ത സമയത്ത് രോഗിയെ പരിചരിക്കുന്നതിലും അവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിലും അതിനുശേഷം ഐസൊലേഷന്‍ വാര്‍ഡ്, ആംബുലന്‍സ് എന്നിവ അണുവിമുക്തമാക്കുന്നതിനും മറ്റുള്ളവര്‍ ഭയന്ന് നില്ക്കുന്ന സമയത്ത് ആത്മധൈര്യത്തോടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച സ്റ്റാഫ് നഴ്സായിരുന്നു ആസിഫ്. നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ആദ്യ ശമ്പളത്തിന്റെ ചെക്ക് വാങ്ങി അമ്മയ്ക്ക് നല്കിയ ശേഷം നൈറ്റ് ഡ്യൂട്ടിക്ക് തിരിച്ചുവരാമെന്ന് പറഞ്ഞ് പോയതായിരുന്നു ആസിഫ്. എന്നാല്‍ ഏപ്രില്‍ 10ന് ആസിഫ് ഓടിച്ച് പോയ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മരണം സംഭവിക്കുകയായിരുന്നു.
ജനറല്‍ നഴ്സിംഗും പോസ്റ്റ് ബേസിക് പഠനവും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞ ഫെബ്രുവരി 24നാണ് ഡോണ 108 ആംബുലന്‍സിന്റെ എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന് ആയി ജോലിയില്‍ പ്രവേശിച്ചത്. തൃപ്രയാര്‍, വേലൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആംബുലന്‍സ് സേവനങ്ങള്‍ക്ക് ശേഷമാണ് ഏപ്രില്‍ 15ന് അന്തിക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലുള്ള 108 ആംബുലന്‍സില്‍ ജോലിയില്‍ പ്രവേശിച്ചത്. കോവിഡുമായി ബന്ധപ്പെട്ട് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതില്‍ കൃത്യനിഷ്ഠയോടെയും അര്‍പ്പണ മനോഭാവത്തോടെയും ഡോണ പ്രവര്‍ത്തിച്ചിരുന്നു. മേയ് നാലിന് രാത്രി 7ന് കോവിഡുമായി ബന്ധപ്പെട്ട രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിക്കാണ് 108 ആംബുലന്‍സ് അപകടത്തില്‍പ്പെടുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ ഡോണ മരണമടയുകയായിരുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആത്മാര്‍ത്ഥയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിച്ചിരുന്ന ആസിഫിന്റേയും ഡോണയുടേയും മരണം ആരോഗ്യ വകുപ്പിന് തീരാനഷ്ടമാണെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അവരുടെ കുടുംബത്തിന് അല്പമെങ്കിലും ആശ്വാസമാകാന്‍ ഈ ഇന്‍ഷുറന്‍സ് തുക വേഗത്തില്‍ നേടിക്കൊടുക്കാന്‍ ഊര്‍ജിത പ്രവര്‍ത്തനം നടത്തിയ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നന്ദി അറിയിക്കുന്നതായും മന്ത്രി വ്യക്തമാക്കി.