ഷിഗെല്ല വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. അതിനിടെ ഭക്ഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി.
വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ ചികിത്സയിലുള്ളവര്‍ക്കുമുള്ളത്. അതിനാല്‍ കൂടുതല്‍ പേരില്‍ ഷിഗെല്ല സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവര്‍ പ്രത്യേകം നിരീക്ഷണത്തിലാണ്. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിക്കാനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്. പനി, നിര്‍ജ്ജലീകരണം, രക്തം കലര്‍ന്ന മലവിസര്‍ജ്ജനം, ക്ഷീണം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് നിര്‍ദേശിച്ചു.
അതേ സമയം രോഗബാധയുണ്ടായത് ഭക്ഷണത്തില്‍ നിന്നാണെന്ന് ആരോഗ്യ വകുപ്പും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗവ്യാപന സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിരീക്ഷണം ശക്തമാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിക്കാനും ആലോചനയുണ്ട്.