കോവിഡ് മരണം മൂലം രക്ഷിതാവ് നഷ്ടമായ കുട്ടികളെ ജില്ലാ പഞ്ചായത്ത് സഹായിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവ്. സർക്കാർനിർദ്ദേശ പ്രകാരം ധനസഹായത്തിന് അർഹത ലഭിക്കാത്ത നിർദ്ധനരായ കുട്ടികൾക്ക് ജില്ലാ പഞ്ചായത്ത് വകയിരുത്തിയ പദ്ധതിയാണ് സർക്കാർ നിർദ്ധാക്ഷിണ്യം തള്ളിയത് . മാതാപിതാക്കൾ മരണപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസ ധനസഹായം നൽകണമെന്ന് സുപ്രീം കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം മാതാവും പിതാവും ഒരുമിച്ച് മരണപ്പെട്ട കുട്ടികൾക്ക് മാത്രമായി സർക്കാർ സംസ്ഥാന പരിമിതപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മാതാപിതാക്കളിൽ ആരെങ്കിലും മരണപ്പെട്ട കുട്ടികൾക്കും വിദ്യാഭ്യാസ ധന സഹായത്തിനും ജില്ലാ പഞ്ചായത്ത് തുക നീക്കി വെച്ചത്.
എന്നാൽ ഈ പദ്ധതിക്ക് സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചത് നിരാലംബരായ അനാഥ മക്കളോടുള്ള കണ്ണിൽ ചോരയില്ലാത്ത നടപടിയായി വിമർശനമുയരുന്നു. ഒന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 1000 രൂപയും 8 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിമാസം 2000 രൂപയും വിദ്യാഭ്യാസ ധനസഹായമായി നൽകുന്ന പദ്ധതി വിഭാവനം ചെയ്തു. സർക്കാർ തീരുമാനപ്രകാരം സഹായം ലഭിക്കുന്നതിന് അർഹതയുള്ള മാതാവും പിതാവും മരണപ്പെട്ടവരുടെ ഗണത്തിൽ ആകെ 5 കുട്ടികൾ മാത്രമാണ് മലപ്പുറം ജില്ലയിലുള്ളത്.
എന്നാൽ മാതാവോ പിതാവോ ഏതെങ്കിലുമൊരാൾ മരണപ്പെട്ടതിനാൽ അനാഥത്വം പേറുന്ന നിരാലംബരായ 370 കുട്ടികൾ മലപ്പുറം ജില്ലയിലുണ്ട്. ഇവർക്ക് വലിയ തോതിൽ ആശ്വാസമാകുന്നത് ജില്ലാ പഞ്ചായത്ത് പ്രഖ്യാപിച്ച ധനസഹായം. സംസ്ഥാന സർക്കാർ തദ്ദേശ സ്വയം ഭരണ വകുപ്പ് കോർഡിനേഷൻ കമ്മിറ്റി ഈ പദ്ധതിക്ക് അനുമതി നിഷേധിച്ചതോടെ ബാധിച്ച രക്ഷിതാവ് നഷ്ടപ്പെട്ട ജില്ലയിലെ നിരാലംബരായ മുഴുവൻ കുട്ടികളുടെയും തുടർ പഠനത്തിലാണ് കരിനിഴൽ വീഴുന്നത്.
“ഇവരുടെ കാര്യത്തിൽ സർക്കാർ പൊതു തീരുമാനമെടുത്തിട്ടുണ്ട്. ആയതിനാൽ അനുമതി നിഷേധിക്കുന്നു” എന്നാണ് പദ്ധതിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ കുറിപ്പിൽ പറയുന്നത്.
എന്നാൽ ഇത്തരം കുട്ടികളുടെ കാര്യത്തിൽ ഇത് വരെയും സർക്കാർ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. ജില്ലാ പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സമർപ്പിക്കുന്ന പ്രത്യേക പദ്ധതി എന്ന നിലയിൽ പ്രഖ്യാപിക്കുന്നതായിരുന്നു പദ്ധതിക്ക് മേൽ സർക്കാർ ആപ്പ് വെച്ചത്. സർക്കാരിന്റെ നടപടിക്കെതിരെ ജില്ലയിൽ പ്രതിഷേധം ശക്തമാണ്.