പിറവം: തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഷിഗല്ല രോഗബാധ സംശയത്തെതുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒമ്പതും പതിനാലും വയസ്സുള്ള രണ്ടു കുട്ടികള്‍ കോട്ടയം ഇ. എസ്. ഐയിലും ഐ. സി. എച്ചിലും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും മുന്‍കരുതലായിട്ടാണ് സാമ്പിള്‍ പരിശോധനകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്.
മഴക്കാലമായതിനാലും ഇത് ഒരു ജലജന്യ രോഗമായതിനാലും അതിവേഗം പടര്‍ന്നു പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ദ്രുതഗതിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളിലാണ് ഇന്നലെ സര്‍വ്വേ നടത്തിയത്. സംശയമുള്ളവരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചു. സ്ഥിതിഗതികള്‍ ഗുരുതരമല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പരിസര ശുചീകരണങ്ങളില്‍ എല്ലാവരും പൂര്‍ണമായി പങ്കാളികളാകേണ്ടതുണ്ടെന്നും പഞ്ചായത്ത് അംഗം അജി എം. സി. പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടനെ ചികിത്സ തേടുകയോ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ ചെയ്യണം.
ലക്ഷണങ്ങള്‍: വയറിളക്കം, വയറുവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. രോഗം പടര്‍ത്തുന്നത് ബാക്ടീരിയ ആണ്. സമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ കുട്ടികള്‍ക്ക് ഗുരുതരമാകും. മലത്തില്കൂടിയാണ് കൂടുതലായും പകരുക.
ശ്രദ്ദിക്കേണ്ട കാര്യങ്ങള്‍: മലിന ജലം ഉപയോഗിക്കാതിരിക്കുക, പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക, ഭക്ഷണസാധനങ്ങളില്‍ ഈച്ചകളുടെ സാന്നിധ്യം ഇല്ലാതാക്കുക, കൈകാലുകള്‍ സോപ്പുപയോഗിച്ച് കഴുകുക.
അനില്കാക്കൂര്