തിരൂര്‍: കൂട്ടുകാരിയുടെ പിതാവിന്റെ ചികിത്സയ്ക്കായി കാരുണ്യകൂട്ടായ്മയില്‍ കണ്ണികളായി വിദ്യാർത്ഥികൾ . നാട്ടുകാരും ജനപ്രതിനിധികളും ഒരുമിച്ചു നടത്തിയ ധനസമാഹരണ യജ്ഞത്തിലാണ് പറവണ്ണ സലഫി ഇ.എം. സ്കൂളിലെ സഹപാഠികളും പങ്കാളികളായത്.
വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സഹായനിധി കൈമാറാന്‍ കുറുക്കോളി മൊയ്തീന് എം.എല്‍.എയും. എത്തി. വിദ്യാര്‍ഥികള്‍ കാണിച്ച കാരുണ്യപ്രവര്‍ത്തനം പ്രതീക്ഷ നല്‍കുന്നതും മാതൃകാപരമാണെന്നും എം.എല്‍.എ. പറഞ്ഞു. വിദ്യാര്‍ഥികള്‍ സ്വരൂപിച്ച തുക എം.എല്‍.എ. ചികിത്സാസഹായസമിതി കണ്‍വീനര്‍ കെ. സൈനുദ്ധീന്‍ കൈമാറി.
പറവണ്ണ വേളാപുരം സ്വദേശി അല്‍ഫാസിന്റെ ചികിത്സാഫണ്ടിലേക്കാണ് പറവണ്ണ സലഫി ഇ.എം. സ്കൂളിലെ വിദ്യാര്‍ഥികള്‍ കാരുണ്യത്തിന്റെ കനിവ് തീര്‍ത്തത്. ഇരുവൃക്കകളും മാറ്റിവെക്കുന്നതിനും തുടര്‍ചികിത്സക്കും വരുന്ന ചെലവിലേക്കാണ് വിദ്യാര്‍ഥികള്‍ വേനലവധിക്കാലത്ത് കാരുണ്യകുടുക്ക ഒരുക്കി കൂട്ടുകാരിയെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ചത്.
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാരം എം.എല്‍.എ. നല്കി. വാര്‍ഡ് അംഗം ടി.പി. ഫാറൂഖ്, സ്കൂള്‍ മാനേജര്‍ എം.കെ. അബ്ദുല്‍ മജീദ്, പി. സൈനുദ്ധീന്‍, വി.വി. മുജീബ്, സി.എം.പി. മുഹമ്മദ് അലി, അബ്ദുസലാം, സി.എം. അബ്ദുള്ള കുട്ടി, ടി. മുനീര്‍, റസാഖ് പാലോളി, എന്നിവര്‍ പങ്കെടുത്തു.