തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്നും പ്രസവം എടുക്കുന്നതിനിടെ വീഴ്ച്ച പറ്റിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്. സംഭവം അന്വേഷിച്ച് നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.പ്രസവത്തിനിടെ നവജാത ശിശുവിന്റെ കൈ എല്ല് പൊട്ടിയെന്നും ഇടത് കൈക്ക് ചലനശേഷി നഷ്ടമായെന്നുമാണ് പരാതി. പ്രസവ സമയം ജൂനിയര്‍ ഡോക്ടറും നഴ്സുമാരും മാത്രമാണ് ലേബര്‍ റൂമില്‍ ഉണ്ടായിരുന്നതെന്നും ആരോപണമുണ്ട്.
അവണാകുഴി സ്വദേശി പ്രജിത്തും ഭാര്യ കാവ്യയുമാണ് പരാതിക്കാര്‍. മാര്‍ച്ച് 27നായിരുന്നു കാവ്യയുടെ പ്രസവം. ജനിച്ച ശേഷം കുഞ്ഞിന്റെ ഇടതുകൈ അനങ്ങുന്നുണ്ടായിരുന്നില്ല. രണ്ടാഴ്ച കഴിയുമ്പോള്‍ ശരിയാകുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. അവിടെ തന്നെയുള്ള മറ്റൊരു ഡോക്ടര്‍ പറഞ്ഞതനുസരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കുഞ്ഞിനെ ശ്രദ്ധയില്ലാതെ വലിച്ചെടുത്തതാണ് എല്ല് പൊട്ടാന്‍ കാരണമെന്ന മറുപടിയാണ് എസ്എടി ആശുപത്രിയില്‍ നിന്ന് ലഭിച്ചത്. പ്രസവത്തിനിടെ ഞെരമ്പ് വലിഞ്ഞുപോയെന്നും പരാതിയിലുണ്ട്. എല്ലിന്റെ പൊട്ടല്‍ ശരിയായെങ്കിലും ഞെരമ്പിന്റെ പ്രശ്നം മാറിയിട്ടില്ലെന്ന് കുടുംബം പറയുന്നത്.