ആലപ്പുഴയില്‍ ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെ നടന്ന അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. പരിശോധനയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ ഒടിഞ്ഞു കയറിയിരുന്നു. പിന്നീട് ഇവര്‍ ചികില്‍സയിലായിരുന്നു. ഹരിപ്പാട് തൃക്കുന്നപ്പുഴ ചിങ്ങോലി ആരാധനയില്‍ അജിത് റാമിന്റെ ഭാര്യ ബിന്ദു ആണ് (55)ചൊവാഴ്ച രാത്രി മരിച്ചത്. ജൂണ്‍ നാലിനാണ് തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരെ ആന്‍ജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ആൻജിയോഗ്രാം നടത്തിയത്. എന്നാല്‍ ചികിത്സയ്ക്കിടെ സ്റ്റെന്റ് ഹൃദയ വാല്‍വില്‍ തറഞ്ഞു കയറുകയായിരുന്നു. ഇതേത്തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയിലൂടെ സ്റ്റെന്റ് നീക്കം ചെയ്തെങ്കിലും അണുബാധ മൂലം ആരോഗ്യനില ഗുരുതരമാകുകയും കഴിഞ്ഞ ദിവസം ഇവര്‍ മരിക്കുകയുമായിരുന്നു. ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബിന്ദുവിനെ തട്ടാരമ്പലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇവരെ ഇസിജി പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ തകരാര്‍ ഉണ്ടെന്ന് പറഞ്ഞു ആന്‍ജിയോഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. ആന്‍ജിയോഗ്രാം പരിശോധനയ്ക്കിടെയാണ് സ്റ്റെന്റ് വാല്‍വില്‍ തറഞ്ഞുകയറിയത്. തട്ടാരമ്പലത്തിലെ ആശുപത്രിയിലുണ്ടായ സംഭവത്തെപ്പറ്റി ബന്ധുക്കള്‍ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്ന സാഹചര്യത്തിലാണ് വീട്ടമ്മയുടെ മരണം. ശസ്ത്രക്രിയയ്ക്കായി ചെലവായ രണ്ടരലക്ഷത്തിലേറെ രൂപ തട്ടാരമ്പലത്തിലെ ആശുപത്രി നല്‍കുമെന്ന് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.