തിരുവനന്തപുരം: അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും സ്പീക്കറും തമ്മില്‍ തര്‍ക്കം. അനുമതി നിഷേധിക്കുന്നതിലൂടെ പ്രതിപക്ഷത്തിന്റെ അവകാശ നിഷേധമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ ചട്ട പ്രകാരമുള്ള നടപടിയാണെന്ന് സ്പീക്കര്‍ മറുപടി നല്കി. നടുത്തളത്തില്‍ പ്രതിഷേധിച്ച പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധിക്കുമെന്ന് പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രമേയത്തിന് അനുമതി നിഷേധിച്ചതാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. മുദ്രവാക്യം വിളിച്ചും പ്ലകാര്‍ഡ് ഉയര്‍ത്തിയും പ്രതിപക്ഷ പ്രതിഷേധം അര മണിക്കൂറോളം നീണ്ടു. അവകാശങ്ങള്‍ ഹനിക്കാന്‍ സ്പീക്കര്‍ കൂട്ടു നില്‍ക്കുന്നുവെന്ന് ആരോപിച്ച് പിന്നീട് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
മുഖ്യമന്ത്രി ഭയപ്പെടുത്തിയിട്ടാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ചോദ്യങ്ങളെ പേടിയാണ്. അവകാശ നിഷേധമാണ് നടക്കുന്നതെന്നും വി ഡി സതീശന് പറഞ്ഞു. ‘എന്താണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നത്. കുട്ടികള്‍ക്കുള്ള കണ്സെഷന് ഇല്ലാതാക്കി. സര്‍ക്കാരിന്റെ ചുമതലയാണ് ഗതാഗത സൗകര്യം ഉറപ്പുവരുത്തുക എന്നത്. കെഎസ്ആര്‍ടിസിക്ക് ലാഭമുണ്ട്. വാങ്ങിയ വാഹനം സ്വിഫ്റ്റ് കമ്പനിക്ക് കൊടുക്കുന്നു. എന്ത് ഇടതുപക്ഷ സര്‍ക്കാരാണ് ഇതെന്നും വി ഡി സതീശന് ചോദിച്ചു.
ചോദ്യോത്തര വേളയില്‍ വിശദമായി ചര്‍ച്ച ചെയ്തതും ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചത്.