ഉത്തർപ്രദേശ് : നീളം കൂടിയ മുടിയുള്ള നിരവധി പുരുഷന്മാരെയും സ്ത്രീകളെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ മുടി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യക്കാരി സ്മിത ശ്രീവാസ്തവ. ജീവിച്ചിരിക്കുന്ന ഒരാളുടെ ഏറ്റവും നീളം കൂടിയ മുടി എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയാണ് ഉത്തർപ്രദേശിൽ താമസിക്കുന്ന 46 കാരിയായ സ്മിത ശ്രീവാസ്തവ വാർത്തകളിൽ ഇടം നേടിയത്. തന്റെ പതിനാലാം വയസ്സുമുതൽ മുടി വളർത്താൻ തുടങ്ങിയ സ്മിത ഏറെ മുടി വെട്ടിയിട്ടില്ല. ഇതോടെ മുടിയുടെ നീളം 7 അടി 9 ഇഞ്ചായി വളർന്നു. 1980കളിലെ ബോളിവുഡ് നടിമാരുടെ മുടി കണ്ടാണ് സ്മിതയ്ക്ക് മുടി വളർത്താനുള്ള ആഗ്രഹം ഉദിച്ചത്.
നീണ്ട മുടിയെ ദേവതകളുമായി ബന്ധപ്പെടുത്തുകയും അത് സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുകയും ചെയ്യുന്ന ചില ഇന്ത്യൻ കാഴ്ച്ചപാടുകളിൽ വിശ്വസിക്കുന്ന വ്യക്തിയാണ് സ്മിത ശ്രീവാസ്തവ. മുടി വെട്ടുന്നത് അശുഭകരമാണെന്ന പരമ്പരാഗത വിശ്വാസവും ഇവർ മുറുകെ പിടിക്കുന്നുണ്ട്. ഇത്രയും നീളമുള്ള മുടി ഇവർ പരിപാലിക്കുന്നത് ഏറെ പണിപ്പെട്ടാണ്. ആഴ്ചയിൽ രണ്ടുതവണ, മുടി കഴുകാനും ഉണക്കാനും സ്റ്റൈൽ ചെയ്യാനും സ്മിത മൂന്ന് മണിക്കൂർവരെ സമയമെടുക്കും. മുടി കഴുകാൻ മാത്രം 45 മിനിറ്റ് വരെ എടുക്കും. തുടർന്ന് ഒരു ടവൽ ഉപയോഗിച്ച് ശ്രദ്ധാപൂർവ്വമാണ് ഉണക്കുന്നത്. കെട്ടുപിടിച്ച ഇത്രയും നീളമുള്ള മുടി വേർപെടുത്തുക എന്നത് ശ്രമകരമായ ജോലിയാണ്.അതിനായി രണ്ട് മണിക്കൂർ വരെ എടുത്തേക്കാം എന്നാണ് സ്മിത ശ്രീവാസ്തവ പറയുന്നത്.
തന്റെ മുടിയിൽ കെട്ടുകൾ ഇല്ലാതെ പൂർണ്ണമായും വേർപ്പെടുത്തി എന്ന് ഉറപ്പുവരുത്തിയ ശേഷം സ്മിത അതിനെ ഒരു ബണ്ണോ സ്ലയിഡോ ഉപയോഗിച്ച് ഒതുക്കി നിർത്തുകയാണ് പതിവ്. ഈ ദിനചര്യ മുടി പോലെ തന്നെ സ്മിതയുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു.
പൊതുസ്ഥലത്ത് തലമുടി അഴിച്ചിടുമ്പോൾ ആളുകൾ സ്മിതയുടെ മുടി കണ്ട് ആശ്ചര്യപ്പെടാറുണ്ടെന്നാണ് സ്മിത പറയുന്നത്. മുടിയുടെ നീളം കണ്ട് ആളുകൾ പലപ്പോഴും കൗതുകത്തോടെ സമീപിക്കുകയും കേശസംരക്ഷണത്തെകുറിച്ചുള്ള വിവരങ്ങൾ ചോദിക്കാറുണ്ടെന്നും സ്മിത പറയുന്നു. മുടി ഇങ്ങനെ ആരോഗ്യത്തോടെയും കരുത്തുറ്റതായും നിലനിർത്താൻ സ്മിത ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളെക്കുറിച്ച് അറിയാനും ആളുകൾക്ക് കൗതുകമാണ്.
ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം സ്മിതയുടെ സ്വപ്ന സാക്ഷാത്കാരമാണ്.സമർപ്പണത്തിന്റെയും പ്രാർത്ഥനയുടെയും സാക്ഷ്യമായ ഈ അംഗീകാരത്തിന് അവൾ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുകയാണ്. തന്റെ വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായി കരുതുന്ന മുടി പരിപാലിക്കുന്നത് ഇനിയും തുടരുമെന്നാണ് സ്മിത പറയുന്നത്. “എനിക്ക് കഴിയുന്നിടത്തോളം എന്റെ മുടി ഞാൻ പരിപാലിക്കും. ഞാൻ ഒരിക്കലും മുടി മുറിക്കില്ല, കാരണം എന്റെ ജീവിതം എന്റെ മുടിയിലാണ്. ” എന്നാണ് സ്മിത അഭിമാനത്തോടെ പറയുന്നു.