കോട്ടയം: ഏഴ് ദിവസം മുന്‍പ് ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ആളുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശിയായ യുവതി. കോട്ടയം ഏറ്റുമാനുര്‍ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് യുവതിയുടെ പരാതി.
വിവാഹിതനായ ജയകുമാര്‍ ലക്ഷദ്വീപ് സ്വദേശിയായ യുവതിയുമായി നാല് വര്‍ഷമായി സൗഹൃദത്തിലായിരുന്നു. ജയകുമാറിന്റെ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. മരിച്ച ശേഷം ബന്ധുക്കള്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് മതിയെന്നും മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് ലക്ഷദ്വീപ് സ്വദേശിയായ യുവതിയുടെ പരാതി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയകുമാറിന്റെ മ്യതദേഹം നെടുമ്പാശ്ശേരിയില്‍ എത്തിയത്. മൃതദേഹത്തിനൊപ്പം ഇവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ബന്ധുക്കള്‍ വരാതിരുന്നതോടെ മ്യതദേഹവുമായി യുവതി ആലുവാ പോലീസ് സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് അവിടെനിന്ന് മൃതദേഹം ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിലേക്കും എത്തിച്ചിരിക്കുകയാണ്.