മക്ക: ഉംറ നിര്‍വ്വഹിക്കുന്നതിനിടയില്‍ ഹറമിനകത്തുവെച്ച് കുഴഞ്ഞുവീണ് പാലക്കാട് സ്വദേശി മരിച്ചു. പട്ടാമ്പി കൊപ്പം വല്ലപ്പുഴ സ്വദേശി എന്‍ കെ മുഹമ്മദ് എന്ന വാപ്പു (53) ആണ് മരിച്ചത്. ഉംറ നിര്‍വഹിക്കുന്നതിനിടെ ഹറമിനകത്ത് മത്വാഫില്‍ കുഴഞ്ഞുവീഴുകയായിരുന്നു വാപ്പു.
ഉടനെ അല്‍ജിയാദ് എമര്‍ജന്‍സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മകളുടേയും മകന്റേയും ഒപ്പം ഉംറ നിര്വ്വഹിക്കുമ്പോള് നാല് ത്വവാഫ് പൂര്‍ത്തീകരിച്ചാണ് മരിച്ചത്.
ഖമീസ് മുശൈത്തില്‍ ജോലിചെയ്യുന്ന മരുമകനും മകളും ഉംറ നിര്‍വഹിക്കാന്‍ മക്കയിലെത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ ജിദ്ദയില്‍ കഫ്തീരിയയില്‍ ജോലിചെയ്യുന്ന വാപ്പു മക്കയിലെത്തുകയായിരുന്നു. മരണാന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.