പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബ (56) ആണ് ഇന്ന് പുലര്‍ച്ചെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ മരിച്ചത്.സെയിൻ ഹോട്ടലിന് നിലവിൽ ലൈസൻസില്ലെന്ന വിവരമാണ് പുറത്ത് വന്നത്. കാറളം സ്വദേശി ഷിയാസിന്റെ ലൈസൻസിലായിരുന്നു ഈ ഹോട്ടൽ കഴിഞ്ഞ മാസം വരെ പ്രവർത്തിച്ചിരുന്നത്. കുഴിമന്തിക്കൊപ്പമുള്ള മയോണൈസില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇന്നലെ രാവിലെ മുതലാണ് പനിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ ചികിത്സ തേടിയത്.
പെരിഞ്ഞനത്തെ സെയിൻ ഹോട്ടൽ ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരാണ് ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴിമന്തി പാഴ്സലായി വാങ്ങിയിരുന്നു.സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ അടപ്പിച്ചിരുന്നു.