പൊലീസുകാരൻ മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ് എടുത്തത്. സംഭവത്തെപ്പറ്റിയുള്ള റിപ്പോർട്ട് കിട്ടിയാലുടൻ വകുപ്പ് തല നടപടിയെന്നു കോട്ടയം എസ്പി ജെ കാർത്തിക് അറിയിച്ചു.പൊലീസുകാരന്റെ അതിക്രമത്തിൽ 6 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രണ്ടുദിവസം മുൻപ് ആലപ്പുഴ കളർകോടുള്ള അഹലൻ കുഴിമന്തി കടയിൽ നിന്ന് കഴിച്ച കുഴിമന്തിയിൽ നിന്ന് മകന് ഭക്ഷ്യവിഷബാധ ഉണ്ടായി എന്ന് ആരോപിച്ചായിരുന്നു പൊലീസുകാരന്റെ അക്രമം.ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.ഹോട്ടലിൽ വിരൽ അടയാള വിദഗ്ധരും ഫോറൻസിക് സംഘവും എത്തി തെളിവെടുത്തു. മെഡിക്കൽ പരിശോധനയിൽ പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്ന് തെളിഞ്ഞു.ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു.