ഒരു ഗ്രാമം അപ്പാടെ ഉരുൾപൊട്ടലിൽ ഒലിച്ചുപോയ കാഴ്ചയാണ് മുണ്ടക്കൈയിൽ കാണാൻ സാധിക്കുന്നത്. ഇവിടുത്തെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞാണ് സൈന്യം തിരച്ചിൽ നടത്തുന്നത്. ഇതുവരെ 156 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ കണ്ണീർക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. മുണ്ടക്കൈയിൽ അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 400 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്.
മുണ്ടക്കൈ മേഖലയിൽ ഇപ്പോൾ മഴ ഇടവിട്ട് പെയ്യുന്നുണ്ട്. എങ്കിലും ഇന്നലത്തെ അപേക്ഷിച്ച് മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസമാകുന്നുണ്ട്. പുഴയിലെ ജലനിരപ്പും താഴ്ന്നിട്ടുണ്ട്. കൂടുതൽ രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തുകയാണ്.വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി 11 മണിയോടെ പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തും. 18 ലോറികൾ അവിടെ സജ്ജമാക്കിയിട്ടുണ്ട്. പിന്നീടിവ റോഡ് മാർഗം വയനാട്ടിൽ എത്തിക്കും.