മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്. ആളുകളെ മാറ്റാനുള്ള സാഹചര്യം വന്നാലുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വെ തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ജില്ലയില്‍ കൂടുതല്‍ കണ്ട്രോള് റൂമുകള്‍ തുറന്നിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്കാന് തമിഴ്നാടിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
2018ലേതു പോലുള്ള സാഹചര്യമില്ലെന്നും കലക്ടര്‍ പറഞ്ഞു. ഡാം തുറക്കേണ്ടി വന്നാല്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ സംബന്ധിച്ച് ഇടുക്കി വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് കലക്ടര്‍ മാധ്യമങ്ങളെ കണ്ടത്.
അതിനിടെ മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് 137.60 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു. എന്നാല്‍ തമിഴ്നാട് കൊണ്ടു പോകുന്ന ജലത്തിന്റെ അളവ് വര്‍ധിപ്പിക്കാത്തതിനാല്‍ ജലനിരപ്പ് കുറഞ്ഞില്ല. കേരള -തമിഴ്നാട് സര്‍ക്കാരുകളുടെ ഉന്നതതല അടിയന്തിര യോഗം വൈകിട്ട് മൂന്നിന് നടക്കും.
അതേസമയം മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് കേരളം തയാറാക്കി വരികയാണ്. 1500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. പുതിയ ഡിപിആര്‍ ഡിസംബറില്‍ സര്‍ക്കാരിന്റേയും കേന്ദ്ര ജല കമ്മിഷന്റേയും പരിഗണനക്ക് സമര്‍പ്പിക്കും. മുല്ലപ്പെരിയാറിന്റെ കാര്യത്തില്‍ നിലവില്‍ ആശങ്ക വേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.