തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴ തുടരും. നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് നല്കി. സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്തേക്കും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നല്കി. ഇന്ന് ഒരു ജില്ലയിലും ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ നല്‍കിയിട്ടില്ല. നാളെ രണ്ട് ജില്ലകളിലും മറ്റന്നാള്‍ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ഉണ്ട്. കേരള തീരത്ത് നിലനിന്നിരുന്ന ചക്രവാതചുഴി ദുര്‍ബലമായതാണ് മഴയുടെ തീവ്രത കുറയാന്‍ കാരണം.
കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്കി. മത്സത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. മെയ് മാസം ഇതുവരെ 344മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. 2021ല്‍ 570 മില്ലീമീറ്റര്‍ മഴ കേരളത്തില്‍ ലഭിച്ചിരുന്നു. മെയ് 31ന് എത്തുമെന്ന് അറിയിച്ച കാലവര്‍ഷം ഇത്തവണ നേരത്തെ കേരളത്തില്‍ പ്രവേശിക്കുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശില്‍ തീരം തൊടും. ബംഗ്ലാദേശ് – പശ്ചിമ ബംഗാള്‍ തീരത്തിനിടയില്‍ തീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ ആണ് സാധ്യത.