വയനാട് ദുരന്തബാധിതർക്കുള്ള വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന് എടുക്കും.വായ്പ എഴുതി തള്ളുന്നതിൽ അതാത് ബാങ്കുകളാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെയും കുടുംബനാഥൻ മരിച്ച കുടുംബങ്ങളുടെയും വായ്പകൾ എഴുതിത്തള്ളാൻ ശുപാർശ ചെയ്യുന്നു. വായ്പ പൂർണമായും എഴുതിത്തള്ളാൻ തീരുമാനിക്കാൻ കമ്മിറ്റിക്ക് അധികാരമില്ല. കൃഷിയും നശിച്ചവരുടെ വായ്പ എഴുതിത്തള്ളാൻ ബാങ്കുകളോട് ഉത്തരവിട്ടു.
കാർഷിക വായ്പകൾക്ക് അഞ്ച് വർഷത്തെ സാവകാശം അനുവദിക്കും. ആദ്യ ഒരു വർഷം മൊറോട്ടോറിയം ഉണ്ടാകും. അത് ചെറുകിട സംരംഭകർക്ക് കൂടി ബാധകമാക്കാനും ബാങ്കേഴ്സ് സമിതി ശുപാർശ നല്കും.
ഗ്രാമീൺ ബാങ്കാണ് ഏറ്റവും വലിയ വായ്പ നൽകുന്നത്. മൊത്തം 12 ബാങ്കുകൾക്ക് ദുരന്തബാധിതരിൽ നിന്ന് വായ്പാ ബാധ്യതയുണ്ട്. 3,220 പേർ 35.32 കോടി രൂപ വായ്പയെടുത്തു. ഇതിൽ 2,460 പേർ കാർഷിക വായ്പയെടുത്തു. ഇത് 19.81 കോടി രൂപ. 245 പേർ ചെറുകിട കച്ചവടക്കാരാണ്. 3.4 കോടി രൂപയാണ് ഇവർ വായ്പയെടുത്തത്.