കൊച്ചി: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടെ മഴക്കെടുതികളും തുടങ്ങി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
എറണാകുളം പള്ളിക്കരയില്‍ മണ്ണിടിഞ്ഞുവീണ് വീട് തകര്‍ന്നു. പള്ളിക്കര സ്വദേശി ജോമോന്റെ വീടാണ് തകര്‍ന്നത്. വീടിന്റെ പുറകുവശം പൂര്‍ണമായും തകര്‍ന്നനിലയിലാണ്. ജോമോനും കുടുംബവും സ്ഥലത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കുകളില്ല. ‘ഇന്നലെ രാത്രി 10.30യ്ക്കായിരുന്നു സംഭവം. ഞങ്ങള്‍ ഭക്ഷണം കഴിക്കാനിരിക്കുകയായിരുന്നു. അതിനിടെ, ചെറിയ ശബ്ദം കേട്ടു. ഒരു മല ഇളകി വരുന്നത് ആണ് കണ്ടത്. ഇറങ്ങി പുറത്തേക്കോടി. അഞ്ചുമിനിറ്റ് വൈകിയെങ്കില്‍ ഞങ്ങള്‍ ഇന്നില്ല’, ജോമോന് പറഞ്ഞു.
മൂവാറ്റുപുഴയില്‍ കനത്ത മഴയില്‍ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് വീണു. പായിപ്ര ഐരുമലയില് ചെളികണ്ടത്തില്‍ ബക്കറിന്റെ വീടിന്റെ പിന്‍ഭാഗമാണ് കനത്ത മഴ തുടര്‍ന്ന് ഇടിഞ്ഞത്. രണ്ട് സമയത്തായിട്ടാണ് സംരക്ഷണഭിത്തി ഇടിഞ്ഞത്. ബക്കറിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വീട് ഉള്‍പ്പെടെ നിലംപതിക്കാവുന്ന സ്ഥിതിയാണ്. ബക്കറും ഭാര്യയും മകളുടെ വീട്ടിലേക്ക് താമസം മാറ്റി. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഇടുക്കി മാങ്കുളത്ത് യുവാവ് പുഴയില്‍ വീണ് മരിച്ചു. മാങ്കുളം താളുംകണ്ടംകുടി സ്വദേശി സനീഷ്(23) ആണ് മരിച്ചത്. വയനാട് കല്‍പ്പറ്റ ബൈപ്പാസിലേക്ക് വെള്ളം കുത്തിയൊലിച്ചെത്തിയതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. രാത്രി പെയ്ത കനത്ത മഴയില്‍ ബൈപ്പാസിലെ മലയ്ക്ക് മുകളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്നാണ് വെള്ളം കുത്തിയൊലിച്ചെത്തിയതെന്ന് കരുതുന്നു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും പാറകളും കല്ലും ചെളിയും റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്തു. പോലീസും ഫയര്‍ഫോഴ്സുമെത്തി പിന്നീട് ബൈപ്പാസിലെ ഗതാഗതം പുനഃസ്ഥാപിച്ചു. മണ്ണുമാന്തി യന്ത്രമെത്തിച്ച് റോഡില്‍നിന്ന് ചെളിയടക്കം നീക്കംചെയ്താണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കണ്ണൂര്‍ -വയനാട് പാതയിലെ പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിരുന്നു.