മൂവാറ്റുപുഴ: റോഡരികില്‍ ഓടയില്ലാത്തതിനാല്‍ കനത്ത മഴയില്‍ ഉറവക്കുഴിയില്‍ വെള്ളക്കെട്ടുയര്‍ന്നു. വ്യാപാരസ്ഥാപനങ്ങളിലടക്കം വെള്ളം കയറി. ഗതാഗതവും സ്തംഭിച്ചു. കീച്ചേരിപ്പടി- ഇരമല്ലൂര്‍ റോഡിലെ ഉറവക്കുഴി ജംഗ്ഷനിലാണ് വെള്ളിയാഴ്ച സന്ധ്യ കഴിഞ്ഞ് ഉണ്ടായ കനത്ത മഴയില്‍ വെള്ളക്കെട്ടുയര്‍ന്നത്. ഇവിടെ ഓട ഇല്ലാത്തതാണ് വെള്ളക്കെട്ടുയരാന്‍ കാരണം. 4 വര്‍ഷം മുമ്പ് കോടികള്‍ മുടക്കി റോഡ് ബിഎംബിസി നിലവാരത്തില്‍ നവീകരിച്ചെങ്കിലും ഒരിടത്തും ഓട നിര്‍മിച്ചിരുന്നില്ല. 10 കിലോമീറ്റര്‍ ദൂരം വരുന്ന റോഡില്‍ പലഭാഗത്തും ഇതുതന്നെയാണ് സ്ഥിതി. കനത്ത മഴയില്‍ റോഡില്‍ രണ്ടടിയിലേറെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. റോഡില്‍ കെഎസ്ഇബി ഓഫീസിന് സമീപത്തായി കഴിഞ്ഞ ദിവസം വന്‍ വെള്ളക്കെട്ടാണ് രൂപപ്പെട്ടത്. കാല്‍നട യാത്രക്കാര്‍ക്കും, ഇരുചക്ര വാഹന യാത്രക്കാര്‍ക്കുമാണ് ഏറെ ദുരിതമുണ്ടായത്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും തടസപ്പെട്ടു. വണ്‍വേ- കിഴക്കേക്കര റോഡില്‍ ചലിക്കടവ് പാലത്തിന് സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു. വണ്‍വേ ജംഗ്ഷനിലും സ്ഥിതി ഭിന്നമായിരുന്നില്ല.