കനത്ത മഴയെ തുടര്‍ന്ന് കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കോര്പ്പറേഷന് ആസ്ഥാനത്ത് ജില്ലാ കളക്ടര്‍ രേണു രാജ് ഐഎഎസിന്റെ സാനിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി മേയര്‍ അഡ്വ.എം. അനില്‍കുമാര്‍, ടി.ജെ വിനോദ് എംഎല്‍എ എന്നിവര്‍ക്കൊപ്പം വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.
ഹൈക്കോടതി പരിസരം, കൊച്ചി മെട്രോ എം.ജി റോഡ് സ്റ്റോപ്പിന് സമീപം, മുല്ലശേരി കനാല്‍ എന്നിവിടങ്ങളാണ് സംഘം സന്ദര്‍ശിച്ചത്. തുടര്‍ന്ന് കോര്പ്പറേഷന് ആസ്ഥാനത്ത് ഉദ്യോഗസ്ഥരുടെ യോഗവും ചേര്‍ന്നു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് പിഡബ്ല്യുഡി, ഇറിഗേഷന്‍, കോര്പറേഷന്, ഫയര്‍ഫോഴ്സ്, വാട്ടര്‍ അതോറിറ്റി, റവന്യു ഉദ്യോഗസ്ഥര്‍ അടങ്ങിയ കമ്മിറ്റിയോട് കളക്ടര്‍ നിര്‍ദേശിച്ചു. ദുരന്ത നിവാരണ ഡെപ്യുട്ടി കളക്ടര്‍, കോര്പറേഷന് അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്കാകും കമ്മിറ്റിയുടെ ഏകോപന ചുമതല.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ അടിയന്തരമായി ഇടപെടേണ്ട 20 സ്ഥലങ്ങള്‍ കണ്ടെത്തി രണ്ടു ദിവസത്തിനകം വെള്ളം ഒഴുകി പോകുന്നതിന് സംവിധാനം ഉണ്ടാക്കണം. കാനകളില്‍ നിന്ന് ചെളി നീക്കേണ്ടതുള്ള സ്ഥലങ്ങളില്‍ നിന്നും അടിയന്തരമായി നീക്കുവാനും യോഗം നിര്‍ദേശിച്ചു. എംജി റോഡില്‍ മുല്ലശേരി കനാല്‍ മുതല്‍ ശീമാട്ടിവരെയുള്ള ഭാഗത്ത് കാനകളിലേക്ക് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള അടിയന്തര സംവിധാനമൊരുക്കാനും യോഗം തീരുമാനിച്ചു.
ശക്തമായ മഴയുണ്ടാകുമ്പോള്‍ മുല്ലശേരി കനാലിന്റെ കിഴക്കേയറ്റത്തെ വെള്ളവും വിവേകാനന്ദ റോഡ് ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലേയും വെള്ളം പമ്പ് ചെയ്തു നീക്കുന്നതിന് സംവിധാനം ഉണ്ടാക്കുവാനും യോഗം തീരുമാനിച്ചതായി രേണു രാജ് എറഞ്ഞു.