തൊടുപുഴ: ഇടുക്കിയില്‍ രാത്രിയിലും കനത്ത മഴ തുടര്‍ന്നതോടെ ജാഗ്രതാ നിര്‍ദേശവുമായി കളക്ടര്‍. തൊടുപുഴയില്‍ ശക്തമായ മഴയില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും. കരിപ്പലങ്ങാട് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് കുടുങ്ങിക്കിടന്ന ആളെ രക്ഷപ്പെടുത്തി. തൊടുപുഴ പുളിയന്മല സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. പ്രശ്നബാധിത പ്രദേശങ്ങള്‍ മന്ത്രിറോഷി അഗസ്റ്റിന് സന്ദര്‍ശിച്ചു.
മൂലമറ്റം താഴ്വാരം കോളനിയില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് തോട് കരകവിഞ്ഞൊഴുകി. മണ്ണിടിച്ചില്‍ ഭീക്ഷണി ഉള്ള സ്ഥലങ്ങളിലും പുഴയോരങ്ങളില്‍ താമസിക്കുന്നവരോടും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എല്‍പി സ്കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കന്ററി സ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്. ഇവിടേക്ക് നാലു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി. മുവാറ്റുപുഴ തോടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാല് ഷട്ടറുകളും ഒരുമീറ്റര്‍ വീതം ഉയര്‍ത്തിവെച്ചിരിക്കുകയാണ്.