ഇന്ത്യയിലെ ‘മോഡേണ്‍ മഹാറാണി’ എന്ന് ദ മില്യനയര്‍ ഏഷ്യാ മാഗസിന് വിശേഷിപ്പിച്ച മഹാറാണിയാണ് രാധിക രാജെ. ഇന്ത്യന്‍ രാജകുടുംബങ്ങളില്‍ ഏറ്റവും പ്രസിദ്ധരായ ബറോഡയിലെ മഹാരാജാ സിമര്‍ജിത് സിംഗ് റാവു ഗായക്വാദിയുടെ പത്നിയാണ് രാധിക. വാങ്കനര്‍ രാജകുടുംബാംഗമായ രാധിക ഡോ. രഞ്ജിത് സിന്‍ഹ്ജി മഹാരാജാവിന്റെ മകളാണ്. ബിരുദാനന്തര ബിരുദധാരിയായ രാധിക വിവാഹത്തിന് മുമ്പ് പ്രമുഖ പത്രങ്ങളിലും മാസികകളിലും ജേര്‍ണലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. മാദ്ധ്യമ പ്രവര്‍ത്തനത്തില്‍ മാത്രമല്ല, പരമ്പരാഗത ഫാഷന്‍ മേഖലയിലും പ്രാവണ്യമുള്ളയാളാണ് രാധിക.
മറാത്താ ഹിന്ദു രാജവംശമായ ഗായക്വാദിന്റെ ഇപ്പോഴത്തെ തലവനാണ് മഹാരാജാ സിമര്‍ജിത് സിംഗ് ഗായക്വാദ്. 2012 മുതല്‍ ബറോഡയുടെ ‘അനൗദ്യോഗിക മഹാരാജാവ്’ എന്ന പദവി അലങ്കരിക്കുകയാണ് ഇദ്ദേഹം. മുന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം കൂടിയാണ്. ഗുജറാത്തിലെ വഡോദരയുടെ ഹൃദയ ഭാഗത്താണ് ഇന്തോ ഗോഥിക് ശൈലിയില്‍ നിര്‍മിക്കപ്പെട്ട പടുകൂറ്റന്‍ കൊട്ടാരമായ ഗായക്വാദ് രാജകുടുംബത്തിന്റെ ഔദ്യോഗ വസതി. 1890ല്‍ മഹാരാജ സയജിറാവു ഗായക്വാദാണ് ലക്ഷ്മി വിലാസ് പാലസ് നിര്‍മ്മിച്ചത്. ഏകദേശം 27,00,000 ആയിരുന്നു അന്ന് കൊട്ടാരത്തിന്റെ നിര്‍മാണ ചെലവ്. ലണ്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരത്തിന്റെ നാലിരട്ടിയുണ്ട് ഈ കൊട്ടാരം. വിശാലമായ 500 ഏക്കര്‍ പ്രദേശത്താണ് ലക്ഷ്മി വിലാസ് പാലസ് സ്ഥിതി ചെയ്യുന്നത്. 176 മുറികള്‍ ഇവിടെയുണ്ട്.
ആഗ്രയില്‍ നിന്നുള്ള റെഡ് സാന്‍ഡ്സ്റ്റോണ്‍, രാജസ്ഥാനില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള മാര്‍ബിളുകള്‍, പൂനെയില്‍ നിന്നുള്ള ബ്ലൂ ട്രാപ് സ്റ്റോണുകള്‍ തുടങ്ങിയവ ഇന്നും ഇവിടെയെത്തുന്നവര്‍ക്ക് മുന്നില്‍ ഒരു മങ്ങലുമേല്‍ക്കാതെ നിലകൊള്ളുന്നു. 300 അടി ഉയത്തിലുള്ള ക്ലോക്ക് ടവറാണ് കൊട്ടാരത്തിന്റെ മറ്റൊരു പ്രത്യേകത. വിശാലമായ കൊട്ടാര വളപ്പില്‍ ഒരു മ്യൂസിയം കൂടിയുണ്ട്. ‘മഹാരാജാ ഫത്തേഹ് സിംഗ് മ്യൂസിയം’ എന്നാണ് ഇതിന്റെ പേര്.