Soorya Narayanan I
കോട്ടയം : ഇനി ആന മല ചവിട്ടില്ല ,ശബരിമല ഉത്സവങ്ങളില്‍ നിന്ന് ആനയെ വിലക്കാന്‍ വനം വകുപ്പിന്റെ നീക്കം. ഇന്നലെയും ആന ഇടഞ്ഞതിനെ തുടര്‍ന്നാണ് ആനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വലനം വകുപ്പ് ആലോചിക്കുന്നത്. ചെങ്കുത്തായ മല നിരകളുള്ള ശബരിമലയില്‍ ആനയെ എഴുന്നെള്ളിക്കുന്നത് പ്രായോഗികമല്ലെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍ . ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വനം വകുപ്പ് അധികൃതര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്കും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനും വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
രണ്ടു വര്‍ഷം മുമ്പ് മാളികപ്പുറത്ത് ആന ഇടഞ്ഞ് വൃദ്ധ മരിച്ചിരുന്നു. അന്ന് വനം വകുപ്പ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി മാളികപ്പുറത്തെ ആന എഴുന്നള്ളിപ്പ് നിരോധിച്ചത്. തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവിടെ ശാന്തിമാര്‍ തിടമ്പ് കൈയ്യിലേറ്റിയാണ് മാളികപ്പുറത്തമ്മയുടെ എഴുന്നെള്ളിപ്പ് നടത്തുന്നത്.ഇക്കുറിയും അങ്ങനെയൊരു നിരോധനം ശബരിമല ആറാട്ടിനുള്ള ആന എഴുന്നെള്ളിപ്പിനും ഉണ്ടാകുമെന്നാണ് വനംവകുപ്പ് പ്രതീക്ഷിക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പന്മന ശരവണന് എന്ന ആനയാണ് ഇന്നലെ ഇടഞ്ഞത്. പാപ്പാനുള്പ്പെടെ 12 പേര്‍ക്കാണ് പരിക്കേറ്റത്. കുത്തിറക്കത്തില്‍ വീണ് ആനയ്ക്കും പരിക്കേറ്റിട്ടുണ്ട്. വനം വകുപ്പിന്റെ വെറ്ററിനറി ഡോക്ടര്‍ പരിക്കേറ്റ ആനയെ പരിശോധിച്ചതിന് ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ക്കും വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും സുരക്ഷാജീവനക്കാരുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരുന്നത്.
ആന ഇടഞ്ഞതിനെ തുടര്‍ന്ന് പരിക്കേറ്റ് വാരിയെല്ല് ഒടിഞ്ഞ വിനീതിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആടിയന്തര ശത്രക്രിയകള്‍ക്ക് വിധേയമാക്കി.
അതേ സമയം ആന ഇടയാന്‍ കാരണം പാപ്പാന്റെ ദോഹോപദ്രവമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇറക്കത്തിലേയ്ക്ക് നടന്നപ്പോള്‍ ആനയുടെ വേഗത കൂടിയെന്നും വേഗത നിയന്ത്രിക്കാന്‍ പാപ്പാന് മുന്‍കാലുകളില്‍ തോട്ടിയിട്ട് വലിച്ചെന്നുമാണ് ഭക്തജനങ്ങളുടെ ആരോപണം. വേദന സഹിക്കാതെ വന്നപ്പോഴാണ് ആന വിരണ്ടതെന്നുമാണ് ഇവര്‍ പറയുന്നത്. ഇക്കാര്യങ്ങളുടെ നിജസ്ഥിതി പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്