മൂവാറ്റുപുഴ : റവന്യൂ വകുപ്പിലെ ഉന്നതരുടെ ഒത്താശ്ശയിൽ പുരാതനമായ മുപ്പതേക്കർ തൃക്കപാടം നികത്താൻ ഭൂമാഫിയ. 150 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ലക്ഷ്യമിട്ടാണ് പാടം നികത്തൽ മാഫിയ പണി തുടങ്ങിയത്. തൃക്കപാടശേഖരം നികത്തി ഹവാല പണങ്ങൾ വെളുപ്പിക്കാനാണ് നീക്കം. ഇതിന് മുന്നോടിയായി റസിഡൻസ് അസോസിയേഷനുകളേയും കർഷക സംഘടനകളെയും ഒതുക്കി.
നോട്ടുനിരോധനത്തിനു ശേഷം ഇഡി അടക്കമുള്ള വിവിധ സർക്കാർ ഏജൻസികൾ സമാന്തര സാമ്പത്തിക മേഖലയിൽ പിടിമുറുക്കിയതോടെ ബ്ലോക്കായ കള്ളപ്പണ സംഘങ്ങളാണ് പുതിയ മേഘല തിരഞ്ഞെടുത്തിരിക്കുന്നത്. വിലകുറഞ്ഞ ഭൂമിയിൽ തുകമുടക്കിക്കൊണ്ടുള്ള പദ്ധതികളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇവരുടെ പുതിയ രീതി. സംസ്ഥാനത്തെ കള്ളപ്പണ നിഷേപ സംഘത്തിന്റെ ഇടത്താവളവും പ്രധാന വിപണിയുമായ മൂവാറ്റുപുഴയിൽ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടാൻ കള്ളപ്പണ സംഘങ്ങൾ ഇറങ്ങാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്.
തൃക്കപാടശേഖരം നികത്തി വിറ്റാൽ ഇപ്പോഴത്തെ മാർക്കറ്റ് വിലയനുസരിച്ച് 150 കോടിയിലധികം രൂപ വില ലഭിക്കും. ആദ്യ ഘട്ടത്തിൽ നിയമത്തിന്റെ മറ പിടിച്ച് ഒരേക്കർ ഭൂമി നികത്താനാണ് ക്വട്ടേഷൻ നൽകിയിട്ടുള്ളത്. ആറ് മാസം കൊണ്ട് മുപ്പതേക്കറും നികത്തി എടുക്കുവാനാണ് പദ്ധതി.
നാൽപ്പതോളം ഉടമകളുടെ കയ്യിലായി കിടക്കുന്ന പാടശേഖരം പൂർണ്ണമായി കൈയടക്കുകയാണ് ഭൂമാഫിയ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ആദ്യപടിയെന്നോണം ഒരാളുടെ സ്ഥലത്തിന് മാഫിയ കച്ചവടമുറപ്പിച്ചു സ്ഥലം അളക്കൽ അടക്കം പൂർത്തീകരിച്ചു കഴിഞ്ഞു.
എതിർപ്പ് വരാൻ സാധ്യതയുള്ള വിവിധ കേന്ദ്രങ്ങളെ നിശബ്ദരാക്കാനുള്ള നീക്കങ്ങൾ നടത്തിയ ശേഷമാണ് ഭൂമാഫിയ കളത്തിലിറങ്ങിയിട്ടുള്ളത്. ശക്തമായ പ്രതിഷേധവുമായി വരേണ്ട പ്രദേശത്തെ കർഷക സംഘങ്ങളുടെ കുറ്റകരമായ മൗനം ഭൂമാഫിയയുടെ മടിയിലെ പണത്തിൻ്റെ കനം വെളിവാക്കുന്നതാണ്. ചില റസിഡൻസ് അസോസിയേഷൻ അംഗങ്ങളും ഇതിൽ കണ്ണികളാണന്ന് ആക്ഷേപം ഉയർന്നു കഴിഞ്ഞു.
കേരളസർക്കാരിൻ്റെയും നഗരസഭയുടെയും പ്രദേശവാസികളുടെയും സഹായത്തോടെ തൃക്കപാടശേഖര സമിതി കോവിഡ് സമയത്ത് വളരെ ശ്രമകരമായി നെൽവയൽ കൃഷിയോഗ്യമാക്കി മാറ്റി നെൽകൃഷി നടത്തിയ പാടശേഖരമാണ് ഭൂമാഫിയ പിടിയിലാക്കാൻ ശ്രമിക്കുന്നത്.
തൃക്കപാടശേഖരത്തിലേയ്ക്കുള്ള കള്ളപ്പണത്തിൻ്റെ വരവ് തടയണമെന്നും ഭൂമാഫിയ സംഘങ്ങളുടെ സാമ്പത്തിക സ്രോതസുകളും മുൻകാല സാമ്പത്തിക ഇടപാടുകളും ക്രിമിനൽ പശ്ചാത്തലങ്ങളും നിലവിൽ നടത്തുന്ന വിവിധ ബിസിനസുകളുടെ ഫണ്ടിംഗ് സംബന്ധിച്ചും അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഇ ഡി. അടക്കമുള്ള ഏജൻസികളെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരിൽ ചിലർ.