യുഎസ് : ഖലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരായ കൊലപാതക ഗൂഢാലോചനയിൽ പങ്കുണ്ടെന്നാരോപിച്ച് ഇന്ത്യൻ പൗരനായ നിഖിൽ ഗുപ്തക്കെതിരെ(52) കുറ്റം ചുമത്തി യുഎസ് നീതിന്യായ വകുപ്പ്. പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന യുഎസ് പരാജയപ്പെടുത്തിയെന്നും അയാളെ ഇല്ലാതാക്കാനുള്ള ഗൂഢാലോചനയിൽ ഡൽഹി ഉൾപ്പെട്ടിട്ടുണ്ടെന്ന ആശങ്കയിൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകിയെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്ത് രാഴ്ചയ്ക്ക് ശേഷമാണ് പുതിയ സംഭവവികാസം. “ഇന്ത്യയിലും മറ്റിടങ്ങളിലും ഗുപ്ത ഉൾപ്പെടെയുള്ളവരുമായി ഒരുമിച്ചു പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ സർക്കാർ ജീവനക്കാരൻ, ഇന്ത്യൻ വംശജനും യുഎസ് പൗരനുമായ ഒരു അഭിഭാഷകനെയും രാഷ്ട്രീയ പ്രവർത്തകനെയും കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തി” കോടതി രേഖകളെ ഉദ്ധരിച്ച് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ ഒരു പത്രക്കുറിപ്പിൽ പറയുന്നു.
കുറ്റം തെളിയിക്കപ്പെട്ടാൽ, കൊലപാതകം നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും ഗുപ്തയ്ക്ക് 20 വർഷം വരെ തടവ് ലഭിക്കുമെന്ന് ന്യൂയോർക്കിലെ സതേൺ ഡിസ്ട്രിക്റ്റിന്റെ യുഎസ് അറ്റോർണി മാത്യു ജി ഓൾസെൻ പറഞ്ഞു. യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കൊലപാതകം നടത്താൻ ഒരു കൊലയാളിക്ക് 100,000 ഡോളർ നൽകാമെന്ന് ഗുപ്ത സമ്മതിച്ചിരുന്നു. അതിനുപുറമെ 2023 ജൂൺ 9ന് ഇതിനകം 15,000 ഡോളർ മുൻകൂറായി നൽകിയിരുന്നു. “അമേരിക്കൻ മണ്ണിൽ ഒരു സിഖ് വിഘടനവാദിയെ കൊല്ലാൻ നടത്തിയ ഗൂഢാലോചനയെ അതീവ ഗൗരവത്തോടെയാണ് യുഎസ് കൈകാര്യം ചെയ്യുന്നതെന്ന്” കഴിഞ്ഞ ആഴ്ച വൈറ്റ് ഹൗസ് പറഞ്ഞിരുന്നു.