മൂവാറ്റുപുഴ: പായിപ്രയിലെ പോയാലി മല ടൂറിസം പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി വിട്ടുകിട്ടാനിരിക്കുന്ന സ്ഥലം വെട്ടികുറയ്ക്കാനായി ഭൂമാഫിയ ശ്രമിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി പറഞ്ഞു. താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്നു തിട്ടപ്പെടുത്തി പദ്ധതിക്കായി കണ്ടെത്തിയ പുറംമ്പോക്കു ഭൂമികള്‍ കയ്യടക്കാനാണ് സ്ഥലം കയ്യേറിയിട്ടുള്ള മാഫിയകള്‍ ശ്രമിക്കുന്നതെന്നും മാത്യൂസ് വര്‍ക്കി ആരോപിച്ചു.
പദ്ധതിക്കായി 12.94 ഏക്കര്‍ സ്ഥലം താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ പഞ്ചായത്ത് കമ്മിറ്റി അളന്നു തിട്ടപ്പെടുത്തിയിരുന്നു. ഇത് പദ്ധതിക്കായി വിട്ടുകിട്ടുന്നതിനായി പഞ്ചായത്ത് കമ്മിറ്റി തീരുമാനവും എടുത്തു. വിനോദ സഞ്ചാര വികസനത്തിനായി വിട്ടു കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ പഞ്ചായത്ത് പൂര്‍ത്തിയാക്കി. തദ്ധേശ സ്വയംഭരണവകുപ്പ് വഴി റവന്യൂവകുപ്പിന് അപേക്ഷ നൽകാൻ തദ്ദേശ മന്ത്രിയെ കാണാൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ മന്ത്രിയെ നാളെ നേരില്‍ കാണാന്‍ പോകുവാനിരിക്കെയാണ് കളക്ടറെകൊണ്ട് ഉത്തരവിറക്കിച്ചതെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നും മാത്യൂസ് പറഞ്ഞു.
അളന്നു തിരിച്ച് പുറമ്പോക്ക് ഭൂമിയുടെ അതിര്‍ത്തി തിരിക്കാന്‍ മുള്ളുവേലി സ്ഥാപിക്കുന്നതിനു 10 ലക്ഷം രൂപ അനുവദിച്ച് പഞ്ചായത്ത് കരാര്‍ നല്‍കുകയും ചെയ്തു. പദ്ധതിക്കായി 12.94 ഏക്കര്‍ സ്ഥലം കണ്ടെത്തിയ സാഹചര്യത്തിലാണ് ചിലര്‍ ഇടപെട്ട് ഇത് 50 സെന്റാക്കി കുറച്ചത്. ഇതുവഴി കയ്യേറ്റക്കാരെ സഹായിക്കലാണ് ഇവരുടെ ലക്ഷ്യമെന്നും മാത്യൂസ് പറഞ്ഞു. 12.94 ഏക്കര്‍ 50 സെന്റാക്കി ചുരുക്കി കര്‍ശന നിബന്ധനകളോടെ വിട്ടു നല്കാന് കലക്ടറെ കൊണ്ടു ഉത്തരവിട്ടതിനു പിന്നില്‍ പദ്ധതി അട്ടിമറിക്കാനുള്ള നീക്കമാണെന്നാണു മാത്യൂസ് പറയുന്നത്.