സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടത്തിൽ നടപടിയെടുക്കാൻ മോട്ടോർ വാഹനവകുപ്പ്. മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള ടീമിനെ പരിശോധനയ്ക്ക് നിയമിച്ചു. അമിതവേഗത്തിനും അലക്ഷ്യമായി വാഹനമോടിച്ചതിനും ആണ് കേസ്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം. കൊച്ചി എം.ജി റോഡിൽ വച്ച് ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ ആയിരുന്നു അപകടം ഉണ്ടായത്. അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്.
നേരത്തെ എറണാകുളം സെൻട്രൽ പൊലീസ് സിനിമാ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു.സ്റ്റണ്ട് മാസ്റ്ററായിരുന്നു കാർ ഓടിച്ചത്. നടന്മാർക്ക് മൂവർക്കും സാരമല്ലാത്ത പരിക്കുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.വഴിയിൽ നിർത്തിയിട്ടിരുന്ന രണ്ടു ബൈക്കുകളിലും കാർ തട്ടി. ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിൽ ഇടിക്കുകയും ചെയ്തു. തലകീഴായി മറിഞ്ഞ, ചലച്ചിത്ര പ്രവർത്തകരുടെ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിൽ ഇടിച്ചാണ് നിന്നത്.