ഇക്കൊല്ലം ജന്മദിനാഘോഷം ഒഴിവാക്കണമെന്ന് നടൻ വിജയ് അഭ്യർത്ഥിച്ചതായി തമിഴക വെട്രി കഴകം ജനറൽ സെക്രട്ടറി എൻ. ആനന്ദ്. തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ 50 പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തിൽപെട്ടവരെ സഹായിക്കണെമന്ന് വിജയ് അഭ്യർത്ഥിച്ചു.ബുധനാഴ്ച കള്ളക്കുറിച്ചിയിലെ കരുണാപുരത്താണ് വിഷമദ്യദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കള്ളകുറിച്ചി ജില്ലയിലെ കരുണാപുരം പ്രദേശത്ത് വ്യാജമദ്യം കഴിച്ച് 25-ലധികം പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദു:ഖകരമാണ്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. രോഗബാധിതരും ചികിത്സയിൽ കഴിയുന്നവരും വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു.കഴിഞ്ഞ വർഷവും ഇതുപോലൊരു സംഭവത്തിൽ നിരവധി ജീവനുകളാണ് പൊലിഞ്ഞത്.സർക്കാർ ഭരണസംവിധാനത്തിന്റെ അനാസ്ഥയാണ് ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായത് എന്നത് വ്യക്തമാക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ തമിഴ്നാട് സർക്കാർ കർശനമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വിജയ് കുറിച്ചു.