പണം വാങ്ങി കബളിപ്പിച്ചുവെന്ന നിർമാതാവ് ജോബി ജോർജിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഇൻസ്റ്റഗ്രാമിൽ വീഡിയോയുമായി നടൻ ഷെയ്ൻ നിഗം. വാർത്താസമ്മേളനത്തിൽ ജോബി പറഞ്ഞ ഒരൊറ്റ വരിക്ക് മറുപടി എന്ന ആമുഖത്തോടെയാണ് ഷെയ്ൻ തുടങ്ങുന്നത്. തന്നെ നിയന്ത്രിക്കുന്ന റബ്ബ് ഉണ്ടെങ്കിൽ മറുപടി തരുമെന്ന് ഷെയ്ൻ പറയുന്നു.
ഷെയ്ന്റെ വാക്കുകൾ, ‘ജോബി ജോർജിന്റെ വാർത്താസമ്മേളനം കണ്ടവരുണ്ടെന്ന് വിശ്വസിക്കുന്നു. ഇത് വാർത്താസമ്മേളനത്തിനുള്ള മറുപടിയല്ല. അതിലുള്ള ഒരു വരിക്ക് മാത്രമുള്ള മറുപടിയാണ്. വീഡിയോക്ക് താഴെ കമന്റ് ചെയ്ത നല്ലവരായ ജനങ്ങൾക്ക് കൂടിയുള്ള മറുപടിയാണ്. ഇത് വെല്ലുവിളിയല്ല. എന്നെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ, എന്റെ റബ്ബുണ്ടെങ്കിൽ ഞാൻ ഇതിന് മറുപടി നൽകുന്നില്ല. റബ്ബ് തന്നോളും.’
നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം രംഗത്തെത്തിയിരുന്നു. ഭീഷണി ഉയർത്തുന്ന വീഡിയോയും പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ജോബി ജോർജ് വാർത്താസമ്മേളനം നടത്തിയത്.