നടന് ശ്രീനാഥ് ഭാസി സിനിമാ സെറ്റില്‍ നിരന്തരം ലഹരി ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണവുമായി നിര്‍മ്മാതാവ് ഹസീബ് മലബാര്‍. 35 ദിവസം കൊണ്ട് തീർക്കേണ്ട സിനിമ ചിത്രീകരണം അവസാനിച്ചത് 120 ദിവസത്തിന് ശേഷം. പുലർച്ചെ മൂന്ന് മണിക്ക് കഞ്ചാവ് കിട്ടണമെന്ന് നിർബന്ധിച്ചു. തോന്നുന്ന സമയങ്ങളിലായിരുന്നു ഷൂട്ടിനെത്തിയിരുന്നത്.
രാത്രി മൂന്ന് മണിക്ക് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനാണ് ശ്രീനാഥ് ഭാസിയെന്നും നമുക്ക് കോടതിയില്‍ കാണാം എന്നുമാണ് ഹസീബ് മലബാര്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. നടന് സ്ഥിരമായി വരാത്തതിനാല്‍ ചിത്രീകരണവും ഡബ്ബിങ്ങും നീണ്ടുപോയെന്നും നിര്‍മ്മാതാവ് പറയുന്നു.
‘കാരവന് ലഹരി പിടിച്ചെടുക്കാന്‍ കഴിവുണ്ടെങ്കില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആക്സിഡന്റ് ഉണ്ടാകുന്ന വണ്ടി ശ്രീനാഥ് ഭാസിയുടേത് ആയേനെ’ എന്നും ഹസീബ് മലബാര്‍ ആരോപിച്ചു. ലഹരി പരിശോധനയ്ക്കിടെ നടന് ഷൈന്‍ ടോം ചാക്കോ ഹോട്ടല്‍ മുറിയില്‍ നിന്നും പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീനാഥ് ഭാസിക്കെതിരെയും ആരോപണം ഉയരുന്നത്.
ഇന്നലെ രാത്രിയായിരുന്നു ലഹരി പരിശോധനയ്ക്കിടെ ഷൈന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ഓടി രക്ഷപ്പെട്ടത്. ഓപ്പറേഷന് ഡി ഹണ്ടിന്റെ ഭാഗമായുള്ള ഡാന്‍സാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെയാണ് നടന് ഇറങ്ങി ഓടിയത്.