കൊച്ചി : കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ അടച്ചിട്ട തിയറ്ററുകള്‍ തുറക്കാനാകില്ലെന്ന് മനസിലാക്കിയ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമിലേക്കു നീങ്ങുന്നു. ഇടക്കാലത്തു തിയറ്ററുകള്‍ തുറന്നെങ്കിലും പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല അതുകൊണ്ട് തന്നെ പല ബിഗ് ബജറ്റ് ചിത്രങ്ങളും റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പല സിനിമകളും ചിത്രീകരണം പൂർത്തിയായി മാസങ്ങളോളം കാത്തിരുന്നിട്ടും പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒ.ടി.ടി. റീലീസിനെ കുറിച്ച് തീരുമാനിക്കുന്നത്. ഒ.ടി.ടിയില്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും ഹിറ്റായതും നിര്‍മ്മാതാക്കളെ ആ വഴിക്കു നീങ്ങാന്‍ പ്രേരിപ്പിക്കുന്നു.
കോവിഡ് ഒന്നാം തരംഗത്തിനു ശേഷം നിബന്ധനകളോടെ തിയറ്ററുകൾ തുറന്നെങ്കിലും പ്രതീക്ഷിച്ചത്ര വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. സര്‍ക്കാരില്‍ നിന്നുള്ള ഇളവുകള്‍ക്കായി ശ്രമം തുടങ്ങിയപ്പോഴേക്കും വീണ്ടും ലോക്ക് ഡൗൺ വന്നതോടെ വന്‍ സാമ്പത്തിക ബാധ്യതയാണ് തീയറ്റര്‍ ഉടമകള്‍ അഭിമുഖീകരിക്കുന്നത്.
ഫഹദ് ഫാസില്‍ നായകനായ “മാലിക്”, പൃഥ്വിരാജിന്റെ “കോള്‍ഡ് കേസ്” എന്നീ സിനിമകൾ തിയറ്ററുകളില്‍ റിലീസ് ചെയ്യാൻ ശ്രമിച്ചെങ്കിലും കഴിയാത്തതിനാൽ ഒ.ടി.യിൽ റിലീസ് ചെയ്യാൻ തീരുമാനിക്കുകയാണെന്ന് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറിക്കയച്ച കത്തില്‍ ആന്റോ ജോസഫ് പറഞ്ഞു. 2019 ല്‍ ചിത്രീകരണം തുടങ്ങിയ മാലിക്, തിയറ്റര്‍ റിലീസിനായി വിതരണക്കാരും ഫിലിം ചേംബറും സഹകരിക്കുകയും ചെയ്തു. സെക്കന്‍ഡ് ഷോ ഉള്‍പ്പെടെയുള്ള പ്രദര്‍ശനങ്ങള്‍ ആരംഭിച്ച് മോഹന്‍ലാലിൻ്റെ ‘മരയ്ക്കാര്‍’ എന്ന ചിത്രത്തിനൊപ്പം മേയ് 13-നു റിലീസ് ചെയ്യാനിരിക്കെയാണ് തിയറ്ററുകള്‍ വീണ്ടും അടച്ചിടേണ്ടി വന്നത്.