ബിഗ് ബോസ് ആരാധകര്‍ കൗതുകത്തോടെ കാത്തിരുന്ന ദിനമായിരുന്നു മെയ് 5. ബിഗ് ബോസ് ഹൗസില്‍ നിന്ന് ആരംഭിച്ച ഒരു പ്രണയം വിവാഹത്തിലേക്ക് കടക്കുന്ന ദിനം.
ബിഗ് ബോസ് മലയാളം സീസണ് ഒന്ന് താരങ്ങളായ പേളി മാണിയും ശ്രീനിഷ് അരവിന്ദും ഇന്നലെയാണ് വിവാഹിതരായത്. നെടുമ്പാശ്ശേരി സിയാല്‍ കണ്വെന്ഷന് സെന്റര്‍ ആയിരുന്നു വിവാഹവേദി. ഇരുവരുടെയും ബന്ധുക്കള്‍ക്കൊപ്പം സിനിമാ, ടെലിവിഷന്‍ മേഖലയിലെ അപൂര്‍വ്വം സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ക്ഷണം.
സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ടൊവീനോ തോമസ്, ദീപ്തി സതി, ഷോണ്‍ റോമി എന്നിവരൊക്കെ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തിന്റെ ടീസര്‍ വീഡിയോ പുറത്തെത്തിയിട്ടുണ്ട്.
ക്രിസ്തീയ ആചാരപ്രകാരമുള്ള വിവാഹമാണ് ഇന്നലെ നടന്നത്. ഹിന്ദു മതാചാര പ്രകാരമുള്ള വിവാഹം ഈ മാസം എട്ടിന് പാലക്കാട് ശ്രീനിഷിന്റെ വീട്ടില്‍ വച്ച് നടക്കും.