ഇളങ്ങവം:തുടര്‍ച്ചയായി പത്താം വര്‍ഷവും സ്കൂള്‍ വാര്‍ഷികത്തിന് ഷോര്‍ട്ട് ഫിലിം ഒരുക്കി ഇളങ്ങവം ഗവ. എല്‍.പി.സ്കൂള്‍ ശ്രദ്ധേയമാകുന്നു. സമകാലീന സംഭവങ്ങളെ ആസ്പദമാക്കിയാണ് ഫിലിം നിര്‍മ്മിക്കുന്നത്. ആദ്യമായി സ്കൂളില്‍ നിര്‍മ്മിച്ച പുഴ തേടിപ്പോയ കുട്ടികള്‍ എന്ന ഷോര്‍ട്ട് ഫിലിം ഏറെ ജന ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ജലചൂഷണത്തിനെതിരെയുള്ള പ്രമേയത്തെ ആസ്പദമാക്കിയാണ് ആ ചിത്രം നിര്‍മ്മിച്ചിരുന്നത്.
തുടര്‍ന്ന് ഒറ്റക്കമ്പി നാദം, തെളിമ, പാഠങ്ങള്‍, ഗാര്‍ലന്റ് ഇന്‍ മങ്കീസ് ഹാന്‍ഡ്, തിരിച്ചറിവ്, സമര്‍പ്പണം, ഈ മനോഹര തീരത്ത് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്കു പുറമേ കേരളത്തിലെ ആദ്യ സംസ്കൃത ഹൃസ്വ ചിത്രമായ ‘അഭിജ്ഞാന’വും ഇവിടെ നിര്‍മ്മിക്കപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും രക്ഷിതാക്കളും തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്കൂളിലെ സംസ്കൃതാദ്ധാപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എസ്.സന്തോഷ് കുമാറാണ് രചനയും സംവിധാനവും.
അപരിചിതരായവരുടെ വാഹനത്തെ കൈ കാണിച്ചു നിര്‍ത്തി വിദ്യാലയയാത്ര ശീലമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കു സംഭവിക്കാവുന്ന ദുരന്തത്തെ ആസ്പദമാക്കിയാണ് ഇക്കുറി ഉത്തിഷ്ഠത ജാഗ്രത എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയിരിക്കുന്നത്. അര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ ചിത്രത്തില്‍ സമീപകാല സംഭവങ്ങളായ ജനല്‍ച്ചില്ലുകളിലെ കറുത്ത സ്റ്റിക്കര്‍ പതിക്കല്‍, മാനസിക രോഗിയെ കെട്ടിയിട്ടുള്ള മര്‍ദ്ദനം എന്നിവയും കോര്‍ത്തിണക്കിയിരിക്കുന്നു.