നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാഗാലാന്‍ഡ് – മേഘാലയ സംസ്ഥാനങ്ങളില്‍ നാളെ വോട്ടെടുപ്പ്. ബിജെപിയാണ് രണ്ടിടത്തും ഭരണത്തില്‍. പരസ്യപ്രചാരണത്തിനുള്ള സമയം ഇന്നലെ അവസാനിച്ചു. നാഗാലാന്റിലെ 60 മണ്ഡലങ്ങളില്‍ 59 ഇടങ്ങളിലാണ് നാളെ വോട്ടെടുപ്പ്. ഒരു സീറ്റിലെ ബിജെപി സ്ഥാനാര്‍ത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയത്. നാഗാലാന്റില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുള്‍പ്പെടെ 183 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. 13 ലക്ഷത്തോളം വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.
മേഘാലയിയിലെ 60 മണ്ഡലങ്ങളും നാളെ വിധിയെഴുതും. മേഘാലയയിലെ 60 മണ്ഡലങ്ങളിലായി 375 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാനത്ത് ആകെ 21,61,729 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 10,68,801 പുരുഷ വോട്ടര്‍മാരും 10,92,326 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. ഭിന്നശേഷി വിഭാഗത്തില്‍ പെടുന്ന 7478 വോട്ടര്‍മാരും 80 വയസ്സിനു മുകളിലുള്ള 22658 വോട്ടര്‍മാരുമുണ്ട്. 81,443 പേര് പുതിയ വോട്ടര്‍മാരാണ്. രാവിലെ 7 മണി മുതല്‍ വൈകിട്ട് 4 വരെയാണ് വോട്ടെടുപ്പ്.
ഇത്തവണ മേഘാലയയില്‍ ബിജെപിയും എന്‍പിപിയും തനിച്ച് മത്സരിക്കുമ്പോള്‍ നാഗാലാന്‍ഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും (എന്‍ഡിപിപി) ബിജെപിയും 40 :20 എന്ന നിലയില്‍ സീറ്റ് പങ്കിടുന്നു. 2003 വരെ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന് നിലവിലെ സഭയില്‍ 23 സ്ഥാനാര്‍ഥികള്‍ മാത്രമാണുള്ളത്. എന്‍ഡിപിപി-ബിജെപി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി എന്‍ഡിപിപിയുടെ നെയ്ഫ്യൂ റിയോ രണ്ടാം തവണയും ജനവിധി തേടുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്.