തിരുവനന്തപുരം : ഉപതിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ കൂടിയായ വികെ പ്രശാന്ത് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വികെ മധു ഉൾപ്പടെയുള്ളവരെ പരിഗണിച്ചെങ്കിലും ഒടുവിൽ വി കെ പ്രശാന്തിനെ തീരുമാനിക്കുകയായിരുന്നു. പ്രളയക്കാലത്ത് നടത്തിയ പ്രവർത്തനങ്ങളും മേയർ എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും വി കെ പ്രശാന്തിന് അനുകൂലമായി മാറും എന്നാണ് സിഎപിഎംന്റെ കണക്കുകൂട്ടൽ.
വട്ടിയൂർക്കാവ് എംഎൽഎയായിരുന്നു കെ മുരളീധരൻ എംപിയായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പിന് ഇവിടെ സാഹചര്യമൊരുങ്ങുന്നത്. ഏഴായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരൻ ബിജെപിയുടെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. എൽഡിഫിഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ടിഎൻ സീമ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ വികെ പ്രശനത്തിലൂടെ മണ്ഡലം പിടിക്കാനുള്ള വിശ്വാസത്തിലാണ് സിപിഐഎം. യുവനേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകൻ തുടങ്ങിയ മേഖലകളിലൂടെയാണ് പ്രശാന്ത് കടന്നു വന്നത്. കോർപ്പറേഷനിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത് – 3272 വോട്ട്.
എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയ പ്രവേശം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജിലാണ് പ്രീഡിഗ്രി ചെയ്തത്. ആ സമയത്ത് മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. പിന്നീട് പേരൂർക്കട ലാ അക്കാഡമിയിൽ ചേർന്നു. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം, എസ്.എഫ്.ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന്റെ പേരിലാണുള്ളത്