ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയുടെ ആദ്യപട്ടികയായി. മലയാളി കെ.ജെ ജോര്‍ജ് ഉള്‍പ്പെടെ 8 പേര് മന്ത്രിസ്ഥാനം ഉറപ്പിച്ചു, കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന എട്ട് എം.എല്‍.എമാരുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗീകാരം നല്കി. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാറും ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇതിനൊപ്പം പുതിയ മന്ത്രിമാരും സത്യപ്രതിജ്ഞചെയ്യും.
ജി. പരേമശ്വര (എസ്.സി.), കെ.എച്ച്. മുനിയപ്പ (എസ്.സി.), കെ.ജെ. ജോര്‍ജ് (ക്രിസ്ത്യന്‍ ന്യൂനപക്ഷം), എം.ബി. പാട്ടീല്‍ (ലിംഗായത്ത്), സതീഷ് ജര്‍ക്കിഹോളി (എസ്.ടി.-വാത്മീകി), പ്രിയാങ്ക് ഖാര്‍ഗെ (എസ്.സി.), രാമലിംഗ റെഡ്ഡി (റെഡ്ഡി), ബി.ഇസഡ്. സമീര്‍ അഹമ്മദ് ഖാന് (മുസ്ലിം ന്യൂനപക്ഷം) എന്നിവരാണ് ഇന്ന് സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്ക്കുന്ന ആദ്യ ഘട്ട കാബിനറ്റ് മന്ത്രിമാര്‍. മത-സാമുദായിക സമവാക്യങ്ങളും മറ്റ് ഘടകങ്ങളും അനുസരിച്ച് മന്ത്രിപദം വീതംവെക്കുന്നത് കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിച്ചിരുന്നു.